snehasparsham

കൊച്ചി: അടുത്ത ബന്ധുക്കളുടെ സ്നേഹ വലയത്തിലേക്ക് കുറച്ചു നാളേക്കെങ്കിലും അണയാനുള്ള ആഗ്രഹത്തിൽ സംസ്ഥാനത്തെ ഷെൽട്ടർ ഹോമുകളിൽ കഴിയുന്നത് 143 കുഞ്ഞുങ്ങൾ. 2021-22ലെ കിൻഷിപ്പ് ഫോസ്റ്റർ പദ്ധതിയിൽ അവധിക്കാലത്തെങ്കിലും സനാഥത്വത്തിന്റെ ലോകത്തേക്കു പറക്കാൻ കാത്തിരിക്കുകയാണിവർ. അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നവരും ഇല്ലാത്തവരും ഉണ്ട് ഇക്കൂട്ടരിൽ. കൊവിഡ് തുടങ്ങിയതു മുതൽ ഫോസ്റ്റർ കെയർ പദ്ധതി മുടങ്ങിയിരുന്നു. തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് പദ്ധതി ഇത്രയേറെനാൾ മുടങ്ങുന്നത്.
കുഞ്ഞുങ്ങളുടെ പരിപാലനച്ചെലവായി ബന്ധുക്കൾക്ക് നൽകാൻ സർക്കാർ 31,86,000 രൂപയും അനുവദിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് 12,000 രൂപ വീതം. ശിശുവികസന ഓഫീസർമാർ വഴിയാണ് തുക കൈമാറുക. മുത്തച്ഛൻ, മുത്തശ്ശി, അമ്മാവൻ, അമ്മായി തുടങ്ങി അടുത്ത ബന്ധമുള്ളവർക്ക് ജില്ലാ ശിശുക്ഷേമസമിതിയെ (സി.ഡബ്ല്യു.സി) സമീപിച്ച് അംഗീകാരം വാങ്ങി കുഞ്ഞിനെ ഏറ്റെടുക്കാം. കുട്ടിയുടെയും പോറ്റമ്മയുടെയും സംയുക്ത അക്കൗണ്ടിലേക്കാണ് സർക്കാർ സഹായം നിക്ഷേപിക്കുക.
ബന്ധുക്കളല്ലാത്തവർക്കുള്ള വ്യക്തിഗത ഫോസ്റ്റർ കെയർ, ഗ്രൂപ്പ് ഫോസ്റ്റർ കെയർ, അവധിക്കാല പരിപാലനം, ഇടക്കാല ഫോസ്റ്റർ കെയർ എന്നിങ്ങനെ നിലവിലുള്ള പദ്ധതികൾ പ്രകാരം നിരവധി കുടുംബങ്ങൾ അവധിക്കാലത്ത് ഷെൽട്ടർ ഹോമിലെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നുണ്ട്.

ശിശു സംരക്ഷണ സ്ഥാപനങ്ങൾ: 743
(സർക്കാർ- 27, അഡോപ്ഷൻ ഏജൻസി- 17, വുമൺ ആൻഡ് ചൈൽഡ് ഹോം- 13, ഓപ്പൺ ഷെൽടർ- 04, എൻ.ജി.ഒ സെക്ടർ- 652)
ഇവിടെയുള്ള കുട്ടികൾ: 6,031 എണ്ണം (ഏപ്രിൽ വരെ)
പ്രായം : 0- 6(അഡോപ്ഷൻ ഏജൻസികളിൽ)

6- 18 (മറ്റ് ഷെൽടർ ഹോമുകളിൽ)

കിൻഷിപ്പ് ഫോസ്റ്റർ കെയറിന് തിരഞ്ഞെടുക്കപ്പെട്ടവർ

കിൻഷിപ്പ് ഫോസ്റ്റർ കെയറിന് 31.86ലക്ഷം

സാമ്പത്തിക പരാധീനതയാൽ ബന്ധത്തിലുള്ള കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്തവർക്കാണ് സർക്കാർ സഹായം. മൂന്ന് മാസം, ആറു മാസം, ഒരു വർഷം എന്നിങ്ങിനെയാണ് പരിപാലന കാലയളവ്. ആവശ്യമെങ്കിൽ കാലാവധി നീട്ടി നൽകും. തമ്മിൽ അത്രമേൽ അടുപ്പമുണ്ടായാൽ അഞ്ചു വർഷം വരെ ഫോസ്റ്റർ കെയർ അനുവദിക്കും. പിന്നീട് കുട്ടിയെ ദത്തെടുക്കാനുമാകും.