അങ്കമാലി: കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചുവിൽക്കുന്ന കേസിൽ രണ്ടുപേരെ അങ്കമാലി പൊലീസ് അറസ്റ്റുചെയ്തു. മൂക്കന്നൂർ വട്ടേക്കാട് കിഴക്കേത്തറ വീട്ടിൽ സുബ്രഹ്മണ്യൻ (47), ആലുവ നൊച്ചിമ എൻ.എ.ഡി ചേലക്കരവീട്ടിൽ സനോജ് (40 എന്നിവരാണ് അറസ്റ്റിലായത്. പൂതംകുറ്റി സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
പൊലീസ് പറയുന്നത്: ചാക്കുണ്ണിയെന്ന ആളിൽനിന്ന് 2020ൽ 4 കാറുകൾ സുബ്രഹ്മണ്യൻ വാടകയ്ക്കെടുത്തു. പറവൂരിലെ സ്വകാര്യ സ്ഥാപനത്തിനുവേണ്ടി ഓടാനാണെന്ന് പറഞ്ഞത്. ആദ്യം കൃത്യമായി വാടകകൊടുത്തു പിന്നീട് വാടക കൊടുക്കാതായി. ഇതുപോലെ നിരവധി വാഹനങ്ങൾ വാടകയ്ക്കെടുത്ത് പലരേയും പറ്റിച്ചിട്ടുണ്ട്. 27 കാറുകൾ ഈ വിധം തട്ടിയെടുത്തിട്ടുണ്ട്. കാറുകൾ സനോജിന്റെ നേതൃത്വത്തിലാണ് മറിച്ചുവിൽക്കുന്നതും പണയപ്പെടുത്തുന്നതും. അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായിയുടെ നേതൃത്വത്തിൽ എസ്.ഐ കെ. അജിത്ത്, എ.എസ്.ഐ ജോസഫ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.