bus

കൊച്ചി: കൊവിഡിനെ തുടർന്ന് ഇല്ലാതായ സഞ്ചാരസൗകര്യവും ഒന്നിച്ച് ആഘോഷമായുള്ള യാത്രയും തിരികെ പിടിക്കാനൊരുങ്ങുകയാണ് സീസൺ ടിക്കറ്റിൽ ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഇടപ്പള്ളി അമൃത ആശുപത്രിയിലെ ഒരു സംഘം ജീവനക്കാർ. 2020 മാർച്ച് അവസാനവാരം ട്രെയിനുകൾ പൂർണമായും സർവീസ് നിർത്തിയതോടെ വലിയ തുക മുടക്കി ടൂറിസ്റ്റ് ബസിൽ സംഘമായി യാത്ര ചെയ്തുവന്ന അവർ വീണ്ടും ട്രെയിനിൽ സീസൺ ടിക്കറ്റ് യാത്രയ്ക്ക് ഒരുങ്ങുകയാണ്. ബസ് ഉടമകളുമായുള്ള കരാർ ഈ മാസം കൂടിയുള്ളതിനാൽ അടുത്ത മാസം മുതലാകും ഇവർ ട്രെയിനിലേക്ക് യാത്ര മാറ്റുക.

5000ത്തോളം പേരാണ് അമൃതയി​ൽ ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ഇവരിൽ അധികംപേരും തൃശൂർ, ആലപ്പുഴ, ഇടുക്കി തുടങ്ങിയ സമീപജില്ലകളിൽ നിന്നുള്ളവരാണ്. സ്വന്തം വാഹനമില്ലാത്തവർ ബദൽ യാത്രാമാർഗങ്ങളില്ലാതെ വലഞ്ഞു. മിക്കവരും യാത്ര ടെമ്പോ വാനിലേക്കും ട്രാവലറിലേക്കും മാറ്റി. ഇത്തരത്തിൽ 30 ഓളം വാഹനങ്ങളാണ് കൊവിഡ് കാലത്ത് നിത്യേന അമൃത ആശുപത്രിയിൽ വന്നുപോകുന്നത്.

 പാസഞ്ചറുകാർ ബസിൽ ഒന്നിച്ചു

എറണാകുളം _ ഗുരുവായൂർ പാസഞ്ചർ ട്രെയിനിലെ സ്ഥിരം യാത്രക്കാരായ ജീവനക്കാർ കഴിഞ്ഞ ഒന്നര വർഷമായി ടൂറിസ്റ്റ് ബസിലാണ് വരവും പോക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് യാത്ര. 50 സീറ്റാണ് ബസിലുള്ളത്. സീസൺ ടിക്കറ്റിനായി പ്രതിമാസം 200 രൂപ ചെലവഴിച്ചിരുന്ന സ്ഥാനത്ത് ഇ്പപോൾ 3000 - 3500 രൂപയാകും. രാവിലെ 6.20 ന് കൊടകരയിൽ നിന്ന് പുറപ്പെടുന്ന ബസ് 7.45 ന് അമൃതയിലെത്തും. വൈകിട്ട് 5.10 നാണ് മടക്കയാത്ര. ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ യാത്രക്കാരെ ഇറക്കി ഏഴു മണിയോടെ ബസ് കൊടകര പിടിക്കും.

യാത്ര തുടങ്ങുന്ന കാലത്ത് 64 രൂപയായിരുന്ന പെട്രോൾ വില ഇപ്പോൾ നൂറു കടന്നതിനാൽ ബസ് ഉടമയ്ക്ക് ട്രിപ്പ് നഷ്ടകച്ചവടമാണ്.എങ്കിലും ബസ് വെറുതെ കിടന്ന് തുരുമ്പു പിടിക്കുന്നത് ഒഴിവാക്കാനാണ് ഈ ഓഫർ സ്വീകരിച്ചതെന്ന് ജീവനക്കാർ പറയുന്നു.

ട്രെയിൻ സർവീസ് പുനരാരംഭിച്ച സാഹചര്യത്തിൽ ഈ മാസത്തോടെ ബസ് യാത്ര അവസാനിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം. അതേസമയം സ്വകാര്യ ബസ് സർവീസ് പൊതുവേ കുറവായതിനാൽ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വരുമെന്ന് അവർക്ക് ആശങ്കയുണ്ട്.

 കൂടുതൽ ട്രെയിനുകൾ വേണം

വൈകിട്ട് ഉണ്ടായിരുന്ന എറണാകുളം - പാലക്കാട് മെമു റദ്ദാക്കി . 5.30 നുള്ള എറണാകുളം - ഷൊർണ്ണൂർ കഴിഞ്ഞാൽ പിന്നീട് 8 മണിക്കാണ് സൗത്തിൽ നിന്ന് അടുത്ത ട്രെയിൻ. ഷൊർണ്ണൂർ ട്രെയിനിൽ 15 കോച്ചുകളുണ്ടായിരുന്നത് എട്ടായി വെട്ടിക്കുറച്ചത് യാത്രക്കാർക്ക് ഇരുട്ടടിയായി. തിരക്ക് കണക്കിലെടുത്ത് സൗത്തിൽ നിന്ന് വൈകിട്ട് ആറു മണിക്ക് ശേഷം ഒരു പാസഞ്ചർ ട്രെയിൻ കൂടി ആരംഭിക്കണം.

സോണി, വെള്ളിക്കുളങ്ങര

പാസഞ്ചർ യാത്രക്കാരൻ