gh

കൊച്ചി: വഴിയാത്രക്കാർക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ വഴിയോരവിശ്രമ കേന്ദ്രങ്ങളുടെ നിർമ്മാണം ആറു മാസത്തിനകം പൂർത്തിയാകും. സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായുള്ള ടേക്ക് എ ബ്രേക്ക് പദ്ധതി രണ്ടുഘട്ടങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ എന്നിവയാണ് പദ്ധതി നടപ്പാക്കിവരുന്നത്. ഇതിനായുള്ള സ്ഥലം തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തി നൽകും. ഓരോ പഞ്ചായത്തും അനുവദിക്കുന്ന പദ്ധതി റിപ്പോർട്ടിനനുസരിച്ചാകും തുക അനുവദിക്കുക. കുടുംബശ്രീക്കാണ് തുടർ പരിപാലന ചുമതല. ഒരു പഞ്ചായത്തിൽ രണ്ടും നഗരസഭകളിൽ അഞ്ചും കോർപ്പറേഷൻ പരിധിയിൽ എട്ടും വീതമാണ് വഴിയിടം എന്ന പേരിൽ ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നത്.

 ലക്ഷ്യം : 2365 കേന്ദ്രങ്ങൾ

 പ്രവർത്തനം ആരംഭിച്ചവ : 200

 നിർമ്മാണം നടക്കുന്നവ : 524

 ടെൻഡർ പൂർത്തിയായവ : 1063

 ബേസിക്ക്, സ്റ്റാൻഡേർഡ്, പ്രീമീയം

സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിൾ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറിയാണ് വഴിയോരങ്ങളിലുള്ളത്. അടിസ്ഥാന (ബേസിക്ക്), നിലവാരമുള്ള (സ്റ്റാൻഡേർഡ്), ഉന്നത നിലവാരമുള്ള (പ്രീമിയം) എന്നീ മൂന്ന് തരത്തിലാണ് നിർമാണം. ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടും കൂടിയതാണ് ഉന്നതനിലവാരത്തിലുള്ള വിശ്രമ കേന്ദ്രങ്ങൾ. സാനിട്ടറി നാപ്കിൻ ഡിസ്‌ട്രോയർ, അജൈവമാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനാശിനികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

 അന്താരാഷ്ട്ര സൗകര്യം

വിമാനത്താവളങ്ങളിൽ ഉള്ളതുപോലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. യൂസർ ഫീ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിശ്ചയിക്കാം. കോഫീ ഷോപ്പുകളിൽ നിന്നുമുള്ള വരുമാനം കുടുംബശ്രീയ്ക്ക് എടുക്കാം

പി.അജയകുമാർ

ടെക്നിക്കൽ ഓഫീസർ,

ഹരിതകേരളം മിഷൻ.