സ്വകാര്യ കമ്പനിയുമായി കരാർ ഒപ്പിട്ടതായി കേരള ഫുട്ബാൾ അസോസിയേഷൻ
കരാർ തുകയും മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്താനാവില്ലെന്ന് കെ.എഫ്.എ
കൊച്ചി:വിവാദങ്ങളും ആരോപണങ്ങൾക്കും ജില്ലാ അസോസിയേഷനുകളുടെ എതിർപ്പിനുമിടയിൽ കോടികൾ വരുമാനമുള്ള കേരള ഫുട്ബാൾ അസോസിയേഷനെ (കെ.എഫ്.എ) സ്വകാര്യ കമ്പനിക്ക് വിറ്റു. ഫുട്ബാളിന്റെ സമഗ്രവളർച്ച ലക്ഷ്യമിട്ടുള്ള ഇടപാടെന്ന് വരുത്തിത്തീർത്താണ് 12 വർഷത്തെ കരാർ ഒപ്പുവച്ചത്. എന്നാൽ എത്ര തുകയ്ക്കാണ് കമ്പനിയുമായി കരാർ ഒപ്പിട്ടതെന്നതുൾപ്പടെയുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇന്നലെ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്താൻ കെ.എഫ്.എ ഭാരവാഹികൾ തയ്യാറായില്ല.
മീരാൻ സ്പോർട്സ് എൽ.എൽ.പി, സ്കോർലൈൻ സ്പോർട്സ് എന്നീ കമ്പനികൾ ചേർന്നാണ് ദീർഘകാലത്തേക്ക് കെ.എഫ്.എയെ വാങ്ങിയത്. മാസങ്ങൾക്ക് മുമ്പ് ഇതിനായുള്ള ശ്രമം കെ.എഫ്.എ തുടങ്ങിയിരുന്നു.എന്നാൽ ആദ്യം പുറത്തിറക്കിയ കരാർ നിർദ്ദേശങ്ങൾ ജില്ലാ ഫുട്ബാൾ അസോസിയഷനുകളുടെയും ഫുട്ബാൾ കളിക്കാരുടെയും ആരാധകരുടെയും കടുത്ത എതിർപ്പ് ക്ഷണിച്ചുവരുത്തി .
ആദ്യ കരാർ അടിമുടി ദുരൂഹമായിരുന്നു. കെ.എഫ്.എ ഭാരവാഹികളുടെ ബിനാമികമ്പനിക്ക് തുച്ഛമായ വിലയ്ക്കാണ് മത്സരനടത്തിപ്പ് അടക്കം കെ.എഫ്.എയെ കൈമാറുന്നത് എന്നായിരുന്നു പ്രധാന ആരോപണം. കോടികൾ വരുമാനമുള്ള കെ.എഫ്.എയെ പ്രതിവർഷം 85 ലക്ഷം രൂപയ്ക്കായിരുന്നു സ്വകാര്യ കമ്പനിക്ക് കൈമാറാൻ നിശ്ചയിച്ചിരുന്നത്.
ആദ്യ കരാറിൽ നിന്ന് മാറ്റംവരുത്തിയെന്ന് കെ.എഫ്.എ സെക്രട്ടറി അനിൽകുമാർ ഇന്നലെ അവകാശപ്പെടുന്നുണ്ടെങ്കിലും പുതിയ ധാരണാപത്രം പുറത്തുവിടാനാകില്ലെന്ന് വ്യക്തമാക്കി.കരാറിന്റെ വിശദാംശങ്ങളും പരസ്യപ്പെടുത്താൻ തയ്യാറായില്ല. 13 ജില്ലാ അസോസിയേഷനുകളുടെയും പിന്തുണയോടെയാണ് കരാർ ഒപ്പിട്ടതെന്നും അനിൽകുമാർ അവകാശപ്പെട്ടു.വിവാദമായ സ്കോർലൈൻ സ്പോർട്സുമായി ഇപ്പോൾ തനിക്ക് ബന്ധമില്ലെന്ന് അനിൽകുമാർ വ്യക്തമാക്കി. താനാണ് സ്കോർലൈൻ സ്പോർട്സ് തുടങ്ങിയത്. നിപ, കൊവിഡ് എന്നിവയെ തുടർന്ന് പ്രതിസന്ധിയിലായതോടെ കമ്പനി വിറ്രു. നിലവിൽ, സ്കോർലൈനിൽ ഒരു ശതമാനംപോലും ഓഹരിയില്ല. ആകെ ചെയ്തത് സ്കോർലൈനെ പരിചയപ്പെടുത്തി നൽകുക മാത്രമാണ് - അനിൽകുമാർ പറഞ്ഞു.
കേരളാ പ്രീമിയർ ലീഗ് നിലനിർത്തി, പുതിയ ടൂർണമെന്റടക്കം പുതിയ കമ്പനി മുന്നോട്ടുവച്ചിട്ടുണ്ട്. പുതിയ കരാർ അനുസരിച്ച് പരസ്യ, മത്സര സംപ്രേക്ഷണ വരുമാനം കമ്പനിക്കാണ്. ഇതിൽ നിന്ന് 15 ശതമാനം കെ.എഫ്.എയ്ക്ക് നൽകുമെന്നാണ് പറയുന്നത്. മത്സരങ്ങളുടെ നിയന്ത്രണവും ടിക്കറ്ര് വരുമാനവും മാത്രമാണ് കെ.എഫ്.എയ്ക്ക് ലഭിക്കുക.