തൃക്കാക്കര: ഫോർട്ടുകൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ വിപുലമായ ഫയൽ അദാലത്ത് അടുത്ത മാസം സംഘടിപ്പിക്കുമെന്ന് സബ് കളക്ടർ പി. വിഷ്ണുരാജ് അറിയിച്ചു. ഇതിന് മുന്നോടിയായി സെക്ഷൻ തലത്തിൽ ഫയലുകളിലെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥതലത്തിലുള്ള അദാലത്ത് നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കും. ഈ ദിവസങ്ങളിൽ ആർ.ഡി.ഒ ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണമുണ്ടാകും. അന്വേഷണങ്ങൾ ടെലിഫോണിലൂടെ അറിയാം.
ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും സബ് കളക്ടറുടെ നേതൃത്വത്തിലുമാണ് ഫയൽ തീർപ്പാക്കൽ പുരോഗമിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 500 ഫയലുകൾ തീർപ്പാക്കി. 1200ലേറെ ഫയലുകളിൽ നടപടി പുരോഗമിക്കുന്നു. ഭൂമി തരംമാറ്റവും കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടവയാണ് ഫയലുകളിലേറെയും. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ഫയലുകൾ കൈകാര്യം ചെയ്യുന്ന റവന്യൂ സബ് ഡിവിഷനാണ് ഫോർട്ടുകൊച്ചി. കൊച്ചി നഗരം ഉൾപ്പെടുന്ന കണയന്നൂർ താലൂക്കും കൊച്ചി, പറവൂർ, ആലുവ താലൂക്കുകളും ഈ സബ് ഡിവിഷനിലാണ്. ആർ.ഡി.ഒ ഓഫീസീൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും നടപടി ഉണ്ടാകും. അപേക്ഷകൾ തപാലായി സ്വീകരിക്കുന്നതിനും അപേക്ഷകരെ തൽസ്ഥിതി അറിയിക്കുന്നതിനുമുള്ള സംവിധാനത്തിനും രൂപം നല്കിയിട്ടുണ്ട്.