ആലുവ: കാലപ്പഴക്കത്തെ തുടർന്ന് മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണി ജനങ്ങളെ ബോധ്യപ്പെടുത്താൻ സേവ് കേരള ബ്രിഗേഡ് ഇന്ന് സംസ്ഥാന വ്യാപകമായി ബോധവത്ക്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് റസൽ ജോയി അറിയിച്ചു. 'തമിഴ്‌നാടിന് ജലവും കേരളത്തിന് ജീവനും' എന്ന മുദ്രാവാക്യം ഉയർത്തിയാണ് കാമ്പയിൻ.
രാവിലെ 10 മുതൽ 12 വരെ ഇടുക്കി ചെറുതോണിയിലാണ് മുഖ്യസമര കേന്ദ്രം. ആലുവയിൽ കടുങ്ങല്ലൂരിലും സമരം നടക്കും. സമീപകാലത്ത് ഭൂചലനങ്ങളുടെ എണ്ണവും തീവ്രതയും കൂടുന്നതാണ് വിഷയം കൂടുതൽ സജീവമാക്കാൻ കാരണം. തീവ്രത നാലിന് മുകളിലുള്ള ഭൂചലനങ്ങൾ അപകടങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. ജൂലായ് ആറിന് ഇടുക്കിയിലുണ്ടായ മൂന്ന് ഭൂചലനങ്ങളിൽ ഒന്നിന്റെ തീവ്രത 3.4 ആയിരുന്നു. ആഗസ്റ്റ് 18ന് തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഉണ്ടായ ഭൂചലനങ്ങൾ 3.3ഉം ആഗസ്റ്റ് 24ന് ചെന്നൈയിലുണ്ടായ ഭൂചലനം 5.1 തീവ്രത രേഖപ്പെടുത്തി.
ഈ സാഹചര്യത്തിൽ സേവ് കേരളാ ബ്രിഗേഡ് സതേൺ നേവൽ കമാൻഡിനെയും വെസ്റ്റേൺ നേവൽ കമാൻഡിനെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി. പിന്നീട് ഗവർണർ, മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവരെയും പ്രതിപക്ഷ നേതാവിനെയും സന്ദർശിച്ച് നിവേദനങ്ങൾ നൽകി.
എന്നിട്ടും ഫലപ്രദമായ നടപടിയില്ലാത്ത സാഹചര്യത്തിലാണ് ബോധവത്കരണ കാമ്പയിനുമായി മുന്നോട്ട് പോകുന്നതെന്ന് റസൽ ജോയി പറഞ്ഞു.