കൊച്ചി: ബോട്ട് ചങ്ങാടം പണിമുടക്കിയാൽ കുമ്പളങ്ങിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ അന്നത്തെ ദിവസം സ്വാഹ. അരൂർ -കെൽട്രോൺ കുമ്പളങ്ങി പാല നിർമ്മാണം വൈകുന്നതോടെ കുമ്പളങ്ങി നിവാസികൾ ദുരിതത്തിലാണ്. സ്കൂൾ തുറന്നാൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. അരൂർ മേഖലയിലെ അഞ്ച് വിദ്യാലയങ്ങളിലായി കുമ്പളങ്ങിയിലെ നൂറുകണക്കിന് കുട്ടികൾ പഠിക്കുന്നു.
സ്ഥലമേറ്റെടുപ്പും തീരദേശ പരിപാലന നിയമ പ്രകാരമുള്ള അനുമതി വൈകുന്നതുമാണ് പ്രതിസന്ധി.

അരൂർ ഭാഗത്തെ കെൽട്രോണിന്റെ സ്ഥലമേറ്റെടുപ്പാണ് വൈകുന്നത്. 45 കോടി രൂപയാണ് പാലം നിർമ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്.
പാലം യാഥാർത്ഥ്യമായാൽ ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളെ അരൂർ ദേശീയ പാതയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും. ഒരു വർഷത്തിനകം പാലം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ തുടർപ്രവർത്തനങ്ങളൊന്നും നടന്നില്ല. കെൽട്രോൺ കടവിൽ പൈലിംഗ് ടെസ്റ്റും മണ്ണ് പരിശോധനയും പൂർത്തിയായിട്ട് ഒന്നര വർഷം കഴിഞ്ഞു.

 വികസനം എത്തിനോക്കാതെ
പഞ്ചായത്ത്

കേര ഗ്രാമം, കയർ ഗ്രാമം, മത്സ്യ ഗ്രാമം, ടൂറിസം ഗ്രാമം തുടങ്ങി കുമ്പളങ്ങിക്ക് വിശേഷണമേറെയാണെങ്കിലും വികസനം എത്തി നോക്കാത്ത പ്രദേശമാണ് കുമ്പളങ്ങി. മതിയായ ഗതാഗത സംവിധാനങ്ങളുടെ കുറവാണ് പ്രതിസന്ധിക്ക് കാരണം. പാലം യാഥാർത്ഥ്യമായാൽ കുമ്പളങ്ങിയുടെ അടിസ്ഥാന വികസനത്തിന് വഴിയൊരുക്കും. കുമ്പളങ്ങി പഞ്ചായത്തിന് തനത് ഫണ്ട് ഇല്ല. കെട്ടിട നികുതി മാത്രമാണുള്ളത്. യാത്രാസൗകര്യം ഉണ്ടായാൽ മാത്രമേ വ്യവസായ സംരംഭങ്ങൾ കുമ്പളങ്ങിയിലേക്കെത്തൂ.

 അപകടം പതിയിരിക്കുന്ന
ചങ്ങാട സർവീസ്

ഭീതിയോടെയാണ് രക്ഷിതാക്കൾ വിദ്യാർത്ഥികളെ ചങ്ങാടത്തിൽ കയറ്റി വിടുന്നത്. കാറ്റിലും മഴയിലും ചങ്ങാടയാത്ര ദുരിതമാണ്. പടിഞ്ഞാറൻ കൊച്ചിയിലുള്ളവർക്ക് കിഴക്കൻ പ്രദേശങ്ങളിലേക്ക് വേഗത്തിൽ ചെന്നെത്താനുള്ള തീരദേശറൂട്ട് പൂർണമാകണമെങ്കിൽ കെൽട്രോൺ-കുമ്പളങ്ങി പാലത്തിന്റെ നിർമാണം പൂർത്തിയാകണം. എത്രയും പെട്ടെന്ന് പാലം നിർമിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് കുമ്പളങ്ങി പഞ്ചായത്ത് വികസനസമിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്.


പൂർത്തിയായത്

1. ടെസ്റ്റ് പൈലിംഗ്
2. സ്ഥലം ഏറ്റെടുപ്പ് കുമ്പളങ്ങി ഭാഗം


 കെൽട്രോണിൽ നിന്ന് സ്ഥലമേറ്റെടുപ്പ് നടത്താനുണ്ട്. ഇരു കരകളിലെയും ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേരും. ഇതു സംബന്ധിച്ച് കൊച്ചി എം.എൽ.എ കെ.ജെ. മാക്‌സിയുമായി ചേർന്ന് പൊതു മരാമത്ത് മന്ത്രിയെ കണ്ടിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിക്കും.

ദലീമ ജോജോ
അരൂർ എം.എൽ.എ