fg

കൊച്ചി: 27സെന്ററുകൾ.രണ്ട് ഷിഫ്റ്റ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ജില്ലയിൽ ഇന്ന് 11,365 പേർ സിവിൽ സർവീസ് പ്രാഥമിക പരീക്ഷ എഴുതും. തൃക്കാക്കര നൈപുണ്യ പബ്ലിക്ക് സ്‌കൂളിലാണ് ഭിന്നശേഷിക്കാർക്കായി പരീക്ഷാ കേന്ദ്രമൊരുക്കിയിട്ടുള്ളത്. 41 പേർ ഇവിടെ പരീക്ഷയെഴുതും. രണ്ട് വനിതാ പൊലീസുൾപ്പടെ അഞ്ച് പൊലീസുകാർ ഓരോ പരീക്ഷാ കേന്ദ്രത്തിലുമുണ്ടാകും. സുരക്ഷാപരിശോധന നടത്താനും ഗതാഗത കുരുക്ക് ഒഴിവാക്കാനും പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ വൈദ്യുതി തടസമുണ്ടാവരുതെന്ന് കെ.എസ്.ഇ.ബിക്കും കുടിവെള്ളം മുടങ്ങരുതെന്ന് ജല അതോറിറ്റിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, പ്രധാന ബസ് സ്റ്റോപ്പുകൾ, പരീക്ഷാകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. കൊച്ചി മെട്രോയുടെ പ്രത്യേക സർവീസും ഇന്നുണ്ടായിരിക്കും. കളക്ട്രേറ്റിലെ സ്‌ട്രോംഗ് റൂമിൽ കർശന സുരക്ഷ ക്രമീകരണങ്ങളോടെയാണ് ചോദ്യ കടലാസുകൾ സൂക്ഷിച്ചിരിക്കുന്നത്. രാവിലെ 7.30 ഓടെ അതീവ സുരക്ഷയിൽ പരീക്ഷാകേന്ദ്രത്തിലെത്തിക്കും. പരീക്ഷാ കേന്ദ്രത്തിലേക്ക് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ കയറ്റാൻ ഉദ്യോഗാർത്ഥികളെ അനുവദിക്കില്ല. ഇന്നലെ പൊലീസ് പരീക്ഷാകേന്ദ്രങ്ങളും പരിസരവും പരിശോധിച്ചു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ശുചീകരിച്ചു.

 ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങൾ:
കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ, തൃക്കാക്കര മേരി മാതാ പബ്ലിക്ക് സ്‌കൂൾ, തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളേജ്, തൃക്കാക്കര സെന്റ് ജോസഫ് ഇ.എം.എച്ച് സെക്കൻഡറി സ്‌കൂൾ, ആലുവ എൻ.എ.ഡി കേന്ദ്രീയ വിദ്യാലയ, കളമശേരി രാജഗിരി പബ്ലിക്ക് സ്‌കൂൾ, കളമശേരി രാജഗിരി ഹയർസെക്കൻഡറി സ്‌കൂൾ, ഇടപ്പള്ളി അൽ അമീൻ പബ്ലിക്ക് സ്‌കൂൾ, കലൂർ എ.സി.എസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ, വൈറ്റില ടോക്ക് എച്ച് സ്‌കൂൾ, കടവന്ത്ര കേന്ദ്രീയ വിദ്യാലയ, എറണാകുളം എസ്.ആർ.വി ഗവ. മോഡൽ വി.എച്ച്.എസ്.എസ്, എറണാകുളം ഗവ. ലാ കോളേജ്, തേവര സേക്രഡ് ഹാർട്ട് കോളേജ്, തേവര സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂൾ, മട്ടാഞ്ചേരി ടി.ഡി. സ്‌കൂൾ, ഫോർട്ടുകൊച്ചി ഇ എം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, വൈറ്റില സെന്റ് റീത്താസ് ഹൈസ്‌കൂൾ, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക്ക് സ്‌കൂൾ, മുണ്ടംവേലി കേന്ദ്രീയ വിദ്യാലയ, കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂൾ, കലൂർ സെവൻത്ത് ഡേ അഡ് വെന്റിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, കാക്കനാട് ക്രിസ്തുജയന്തി പബ്ലിക്ക് സ്‌കൂൾ,തെങ്ങോട് മാർ തോമ പബ്ലിക്ക് സ്‌കൂൾ,പടമുഗൾ ജമാത്ത് റസിഡൻഷ്യൽ പബ്ലിക്ക് സ്‌കൂൾ,ആലുവ ഐഡിയൽ പബ്ലിക്ക് സ്‌കൂൾ, തൃക്കാക്കര നൈപുണ്യ പബ്ലിക്ക് സ്‌കൂൾ.