വൈപ്പിൻ: ചെറായി ദേവസ്വം നടയിലെ സ്‌പെയർപാർട്‌സ് കടയിൽനിന്ന് 37000 രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ പൊലീസ് പിടിയിലായി. മട്ടാഞ്ചേരി ബംഗ്‌ളാവ്പറമ്പിൽ നിസാറാണ് (44) അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് കുമാർ ഓട്ടോസ്റ്റോഴ്‌സ് എന്ന കടയിൽനിന്നാണ് മോഷണം നടത്തിയത്. ജീവനക്കാരൻ കട അടയ്ക്കുന്നതിന് മുന്നോടിയായി പണമെല്ലാം ബാഗിലെടുത്തുവെച്ച് സമീപത്തെ ഗോഡൗണിലേയ്ക്ക് പോയപ്പോൾ ആയിരുന്നു മോഷണം.
കടഉടമ മുനമ്പം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സിസി ടിവി പിരിശോധിച്ചപ്പോൾ മോഷണദൃശ്യം കണ്ടെത്തുകയും മോഷ്ടാവിനെ ഞാറയ്ക്കലിൽ വെച്ച് പിടികൂടുകയുമായിരുന്നു. സി.ഐ എ.എൽ. യേശുദാസ്, എസ്.ഐ. ശ്യാംകുമാർ എന്നിവരാണ് പ്രതിയെ കണ്ടെത്തിയത്. വഴിയോരങ്ങളിൽ അലഞ്ഞുതിരിഞ്ഞ് മോഷണം നടത്തുന്ന ആളാണ് പ്രതി.