പറവൂർ: തത്തപ്പിളളിയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന തത്തപ്പിള്ളി - വള്ളുവള്ളി പാലത്തിനെ നിർമ്മാണം ആറ് വർഷമായിട്ടും പൂർത്തിയായില്ല. തത്തപ്പിള്ളിയിൽ നിന്നും എളുപ്പത്തിൽ ദേശീയപാത 66 എത്തുന്നതിന് പഞ്ചായത്ത് റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതോടൊപ്പം ചെറിയപ്പിള്ളി പുഴക്ക് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. 2015ൽ വി.കെ. ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പാലത്തിന് ശിലയിട്ടത്. 12 കോടി രൂപയാണ് നിർമ്മാണ ചെലവ്. സമീപവാസികൾ പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം മുൻകൂറായി വിട്ടു നൽകി.
അപ്രോച്ച് റോഡ് പണികഴിഞ്ഞ ആറ് മാസമായിട്ടും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. പാലത്തിന്റെ തുടക്കത്തിൽ തന്നെ കല്ലുകടിയായിരുന്നു. ആദ്യകരാറുകാരൻ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് പ്രവർത്തിയിൽ നിന്നും പിൻമാറി. പിന്നീട് നിർമ്മാണ ചുമതലയുള്ള പെതുമേഖല സ്ഥാപനമായ ആർ.ബി.ഡി.സി.കെ പുതിയ കരാറുകാനെ കണ്ടെത്തിയാണ് നിർമ്മാണം ആരംഭിച്ചത്.
നിർമ്മാണം തുടങ്ങിയിട്ട് ആറ് വർഷം
ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വർഷം ആറ് പിന്നിട്ടിട്ടും പാലത്തിന്റെ രണ്ടറ്റവും മുട്ടിയട്ടില്ല. പാലത്തിന്റെ മെയിൻ സ്ലാബിന്റെ കോൺക്രീറ്റ് പൂർത്തിയായ ശേഷം അനുബന്ധ പ്രവൃത്തികൾ സമയത്ത് നടക്കാതെ വർഷങ്ങളോടം മുടങ്ങിക്കിടക്കുകയാണ്.