നെടുമ്പാശേരി: ബൈക്കിൽ ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. കുന്നുകര നോർത്ത് അടുവാശേരി മുളവരിയ്ക്കൽ വീട്ടിൽ പരേതനായ മാണിയുടെ മകൻ ജോസ് മാണിയാണ് (55) മരിച്ചത്. മുപ്പത്തടം പവിഴം ജ്വല്ലറി ഉടമയാണ്.
തിങ്കളാഴ്ച വൈകിട്ട് 6.50ഓടെ ജ്വല്ലറിയിൽനിന്ന് അടുവാശേരിയിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ അത്താണി - പറവൂർ റോഡിൽ ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. പറവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പാചകവാതക സിലിണ്ടർ കയറ്റിയ ലോറി ബൈക്കിനെ മറികടന്നതോടെ എതിർദിശയിൽനിന്ന് വന്ന വാഹനം കടന്നുപോകാൻ ഇടതുവശത്തേക്ക് ഒതുക്കിയപ്പോൾ ലോറിയുടെ പിൻഭാഗം ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയടിച്ച് വീണ ജോസിനെ നാട്ടുകാർ ദേശത്തെ സ്വകാര്യാശുപത്രിയിലും തുടർന്ന് അങ്കമാലി ആശുപത്രിയിലുമെത്തിച്ചു. നില കൂടുതൽ വഷളായതോടെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. അവയവങ്ങൾ ദാനംചെയ്തു. ഭാര്യ: ചാലക്കുടി കോട്ടാറ്റ് ഉള്ളാട്ടികുളം കുടുംബാംഗം മില മാത്യു (കൃസ്തുരാജ് ഹൈസ്‌കൂൾ, കുറ്റിപ്പുഴ). മക്കൾ: ആൻമോൾ, മെറിൻ (അമ്മു).