കൊച്ചി: വൈദ്യുതി ബിൽ കുടിശിക ഉടൻ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന വ്യാജമൊബൈൽ സന്ദേശങ്ങൾ വീണ്ടും. നിരവധി ഉപഭോക്താക്കൾക്ക് ഇത്തരം സന്ദേശം ലഭിച്ചു. കെ.എസ്.ഇ.ബിയുടെ ശൈലിക്ക് വിരുദ്ധമായി വ്യത്യസ്ത മൊബൈൽ നമ്പരിൽ നിന്ന് വൈദ്യുതി വിച്ഛേദിക്കുമെന്നാണ് സന്ദേശം. ഇത്തരത്തിൽ സന്ദേശങ്ങൾ പ്രചരിച്ചപ്പോൾ സെപ്തംബറിൽ കെ.എസ്.ഇ.ബി സൈബർ സെല്ലിന് പരാതി നൽകിയിരുന്നു. അന്വേഷണം ആരംഭിച്ചതോടെ വ്യാജസന്ദേശങ്ങളിൽ കുറവ് വന്നിരുന്നു.
എന്നാൽ, മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിലേക്ക് കടന്നു കയറുവാൻ അനുവദിക്കുന്ന ഒരു വിവരവും ഇത്തരം സന്ദേശങ്ങൾക്ക് മറുപടിയായി പങ്കുവയ്ക്കരുതെന്ന് കെ.എസ്.ഇ.ബി അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വ്യാജ സന്ദേശങ്ങളോ ഫോൺ കോളുകളോ ലഭിക്കുന്നപക്ഷം കെ.എ.സ്.ഇ.ബി കസ്റ്റമർകെയർ നമ്പറായ 1912ൽ വിളിച്ചോ 9496001912എന്ന നമ്പറിൽ വാട്സാപ് സന്ദേശമയച്ചോ അറിയിക്കാം.
അതേസമയം, കുടിശ്ശിക വരുത്തുന്നവരുടെ വൈദ്യുതി വിച്ഛേദിക്കുമെന്ന് കെ.എസ്.ഇ.ബി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കൽക്കരിക്ഷാമം മൂലം ഇപ്പോൾ വൈകുന്നേരം 5.30 മുതൽ രാത്രി 12വരെ വൈദ്യുത വിതരണത്തിന്റെ 72% യൂണിറ്റും ഒരു യൂണിറ്റിന് 19രൂപനിരക്കിൽ വാങ്ങുകയാണ്. ഇതുമൂലം വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നതെന്നും അതിനാൽ കുടിശിക വരുത്തുന്നവർ ഉടൻ പണമടയ്ക്കുന്നില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിട്ടുള്ളത്. അതേസമയം വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഔദ്യോഗിക സന്ദേശത്തിൽ
കൺസ്യൂമർ നമ്പർ
കുടിശിക തുക
സെക്ഷന്റെ പേര്
പണമടയ്ക്കാനുള്ള വെബ്സൈറ്റ് ലിങ്ക്
ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ വിവിധ ഓൺലൈൻ സൗകര്യങ്ങളിലൂടെയും https://wss.kseb.in/selfservices/ എന്ന ലിങ്കിലൂടെയും പണമടയ്ക്കാം.
അക്ഷയ കേന്ദ്രം വഴിയും വിവിധ പ്രൈവറ്റ് കളക്ഷൻ സെന്റർ മുഖേനയും പണം അടക്കാം.
വ്യാജ സന്ദേശത്തിൽ
ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
ഒ.ടി.പി തുടങ്ങിയ രഹസ്യ സ്വഭാവമുള്ള വ്യക്തി വിവരങ്ങൾ.
6 മുതൽ 12 വരെ അലങ്കാര ലൈറ്റുകൾ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ, ഹീറ്റർ, ഇസ്തിരി പെട്ടി എന്നിവ ഉപയോഗിക്കാതിരിക്കാനും അധിക വൈദ്യുത ഉപയോഗം ഈ സമയത്തു തീരെ ഒഴിവാക്കണമെന്നുമാണ് അഭ്യർത്ഥന. ഇത്തരം സന്ദേശങ്ങൾ സംബന്ധിച്ച് ജാഗ്രത പാലിക്കണം. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പു വരുത്തിയ ശേഷം മാത്രമേ അടുത്ത നടപടിയിലേക്ക് കടക്കാവൂ.
സി.എം.ഡി, കെ.എസ്.ഇ.ബി