കൊച്ചി: ട്രാൻസ്‌ജെൻഡറുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നഗരത്തിൽ മൂന്ന് പൊലീസ് സ്റ്റേഷനുകളെ ചുമതലപ്പെടുത്തിയതായി ഡി.സി.പി ഐശ്വര്യ ഡോംഗ്രേ പറഞ്ഞു. എറണാകുളം സെൻട്രൽ, എളമക്കര,കളമശേരി പൊലീസ് സ്റ്റേഷനുകൾ ഈ വിഭാഗവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യും. ട്രാൻസ്‌ജെൻഡറുകളുടെ ഏതുതരം പരാതികൾക്കും അനുഭാവപൂർണ്ണമായ പരിഹാരം ലഭിക്കാൻ ഇവിടെ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി പൊലീസുകാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ട്രാൻസ്‌ജൻഡറുകളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഡിഗ്നിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദ്യ യോഗത്തിൽ ഈ വിഭാഗത്തിന്റെ ഭരണഘടന,നിയമ അവകാശങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ഡി.സി.പി.