puthavelikkara-
പുത്തൻവേലിക്കര ക്ഷീരോത്പാദക സഹകരണ സംഘത്തിലെ പാൽ – കാലിത്തീറ്റ സംഭരണ വിതരണ വാഹനം മന്ത്രി ജെ. ചിഞ്ചുറാണി ഫ്ളാഗ്ഓഫ് ചെയ്യുന്നു.

പറവൂർ: സംസ്ഥാനത്തെ എല്ലാ ക്ഷീരസംഘങ്ങളിലും ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പുത്തൻവേലിക്കര ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ഓട്ടമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റും പാൽ – കാലിത്തീറ്റ സംഭരണ വിതരണവാഹനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവംബർ ഒന്നിന് പദ്ധതി നടപ്പാക്കും.

പാൽ ഉത്പാദനത്തിൽ ഇന്ത്യയിൽ രണ്ടാംസ്ഥാനത്താണ് കേരളം. പാലിന് ഏറ്റവും കൂടുതൽ വില നൽകുന്നതും ഇവിടെയാണ്. പുറത്തുനിന്ന് കൊണ്ടുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാൻ അതിർത്തി പ്രദേശങ്ങളിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നരവർഷമായി കേന്ദ്രസർക്കാർ കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള വാക്സീൻ നൽകിയിരുന്നില്ല. സംസ്ഥാന സർക്കാർ ഇടപെട്ട് ഒരു ലക്ഷത്തോളം വാക്സിൻ ലഭ്യമാക്കിയതിനാൽ കുളമ്പുരോഗം പടർന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവായിട്ടുണ്ട്. വാക്സിൻ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാനുള്ള പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ‌കന്നുകാലികൾക്കായി കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലകളിൽ ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ബ്ലോക്ക് പഞ്ചായത്തിലേക്കും ആംബുലൻസ് സംവിധാനം വ്യാപിപ്പിക്കും രണ്ടരമാസത്തിനകം മുപ്പത് ആംബുലൻസുകൾകൂടി വാങ്ങുമെന്നു മന്ത്രി പറഞ്ഞു. എം.എസ്.ഡി.പി പദ്ധതിയുടെ ധനസഹായവിതരണം മന്ത്രി നിർവഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു.

സംഘത്തിലെ മികച്ച കർഷകർക്കുള്ള പുരസ്കാരവും ക്ഷീരകർഷകരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരവും വിതരണംചെയ്തു. സംഘം പ്രസിഡന്റ് എ.കെ. ശശിധരൻ മന്ത്രിക്ക് ഉപഹാരം നൽകി. വനിതാ ഗ്രൂപ്പ് തീറ്റപ്പുൽകൃഷിയുടെ ആദ്യവില്പന ക്ഷീരവികസന വകുപ്പു ഡയറക്ടർ വി.പി. സുരേഷ്‌കുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറൂബി സെലസ്റ്റീന, ജില്ലാ പഞ്ചായത്ത് അംഗം കെ.വി.രവീന്ദ്രൻ, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. ബിന്ദുമോൻ, അസി. ഡയറക്ടർ നിഷ വി. ഷെറീഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസ്, എം.ടി. ജയൻ, വി.ടി. സലീഷ്, ഡേവിസ് പനയ്ക്കൽ, എം.ആർ.ശ്രീജിത്ത്, ഫ്രാൻസിസ് വലിയപറമ്പിൽ, പി.ആർ. സജീവ്കുമാർ എന്നിവർ സംസാരിച്ചു.