തൃക്കാക്കര: തൃക്കാക്കര മില്ലുപടിയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ലഹരി ഇടപാട് നടത്തിയ കേസിൽ ഒരു യുവതി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ആമിനാ മൻസിലിൽ ജിഹാദ് ബഷീറിന്റെ (30) സഹായിയാണിവർ. കേസിൽ കൂടുതൽ പേരുണ്ടെന്നാണ് വിവരം.

ഫ്ലാറ്റിലുണ്ടായിരുന്ന മൂന്നുപേരിൽനിന്ന് ലഹരിവാങ്ങി കൊടൈക്കനാലിലേക്ക് പേകാനാണ് നാലുപേരെത്തിയത്. തുടർന്ന് എല്ലാവരും ഒരുമിച്ച് പോകാൻ പദ്ധതിയിട്ട് നിൽക്കവേയാണ് ഏഴുപേരും അറസ്റ്രിലായത്.

അറസ്റ്റിലായ നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശി ഏർലിൻ ബേബിയുടെ (25) സഹപാഠിയായിരുന്നു അനില രവീന്ദ്രൻ. നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശിനിയായ രമ്യ വിമൽ (23), മനക്കപ്പടി സ്വദേശി അർജിത്ത് ഏയ്ഞ്ചൽ (24), ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ് (24), നോർത്ത് പറവൂർ സ്വദേശി അരുണ്‍ ജോസഫ്(24) എന്നിവരാണ് അറസ്റ്രിലായ മറ്റ് പ്രതികൾ.

പ്രതികൾക്കായി കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമർപ്പിക്കും. ജിഹാദ് ബഷീറിനെതിരെ കരുനാഗപ്പള്ളിയിലും അജ്മൽ യൂസഫിനെതിരെ ഇൻഫോപാർക്ക് സ്റ്റേഷനിലും കേസുകളുണ്ട്.