suspend

കൊച്ചി: ചട്ടം ലംഘിച്ച് കരാറിലും നിർമ്മാണത്തിലും ഇളവനുവദിച്ച് വൻനഷ്ടമുണ്ടാക്കിയ കേസിൽ കെ.എസ്.ആർ.ടി.സി ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെ ഉടൻ സസ്‌പെൻഡ് ചെയ്യാൻ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശ.

എറണാകുളം, തൊടുപുഴ, ഹരിപ്പാട്, കണ്ണൂർ ഡിപ്പോകളിലെ നിർമ്മാണങ്ങളിലാണ് അഴിമതി കണ്ടെത്തിയത്. അഴിമതിയെയും പൂർത്തിയാകാത്ത പദ്ധതികളെയും കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും നഷ്ടം ഇന്ദുവിൽ നിന്ന് ഈടാക്കണമെന്നും റിപ്പോർട്ടിലുണ്ട്.

എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിർമ്മാണത്തിൽ 1.39 കോടിയുടെ നഷ്ടമുണ്ടായി. ആരോപണമുണ്ടായപ്പോൾ തന്നെ അവധിയിൽ പോകാൻ ഇന്ദുവിനോട് കെ.എസ്.ആർ.ടി.സി എം.ഡി നിർദ്ദേശിച്ചെന്നാണ് വിവരം. ഇപ്പോൾ ഹൗസിംഗ് ബോർഡിൽ ഡെപ്യൂട്ടേഷനിലാണിവർ.

കണ്ടെത്തലുകൾ ഇങ്ങനെ

 എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ അടിത്തറയ്‌ക്ക് ഗുരുതരമായ അപാകതയുണ്ടെന്നു കണ്ടെത്തിയിട്ടും കരാറുകാരന് തുക അനുവദിച്ചു.
 തൊടുപുഴ ഡിപ്പോയിൽ യാർഡ് നിർമ്മാണ കാലാവധി ആറു മാസത്തിൽ നിന്ന് 11 മാസം കൂടി നീട്ടി നൽകി
 മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണത്തിൽ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചു
 കണ്ണൂർ ഡിപ്പോയിൽ വിശ്രമമുറിയും ഓഫീസ് മുറിയും നിർമ്മിച്ച കരാറുകാരനെ സഹായിക്കുന്നതിന് ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിൽ തെറ്റായ വിവരം ഉൾപ്പെടുത്തി.
 ഹരിപ്പാട് ഡിപ്പോയിലെ കാത്തിരിപ്പു കേന്ദ്രവും ഗാരേജും നിർമ്മിക്കുന്ന കരാറുകാർക്ക് അനുകൂലമായി നിലപാടെടുത്തു.
 പി.ഡബ്ലിയു.ഡി, കെ.എസ്.ആർ.ടി.സി കരാർ ലൈസൻസില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെൻഡറിൽ പങ്കെടുപ്പിച്ചു.