pasport
എയർ ഇന്ത്യ വിമാനത്തിന്റെ പിറന്ന കുഞ്ഞിന്റെ പാസ്‌പോർട്ട് ജർമനിയിലെ ഇന്ത്യൻ കോൺസൽ ജനറലിൽ നിന്ന് മാതാപിതാക്കളായ ഫിലിപ്പും മരിയയും ഏറ്റുവാങ്ങുന്നു

നെടുമ്പാശേരി: ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പിറന്ന കുഞ്ഞിന് ജർമ്മനിയിലെ ഇന്ത്യൻ കോൺസുലേറ്റ് അടിയന്തര പാസ്‌പോർട്ട് അനുവദിച്ചു. ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിലാണ് പത്തനംതിട്ട സ്വദേശിനിയായ അമ്മയും ഷോൺ എന്നു പേരിട്ട കുഞ്ഞും.

കഴിഞ്ഞ അഞ്ചിനാണ് ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള യാത്രയ്ക്കിടെ ബോയിംഗ് 787 വിമാനത്തിൽ മരിയ ഫിലിപ്പ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഏഴ് മാസം ഗർഭിണിയായിരുന്ന മരിയയ്ക്ക് വിമാനം പുറപ്പെട്ട് അധികം വൈകാതെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരായിരുന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സഹായത്തോടെ സുഖപ്രസവം നടന്നു. തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും അടിയന്തര പരിചരണം ലഭ്യമാക്കുന്നതിനായി വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

മരിയയും ഭർത്താവ് ഫിലിപ്പും കുഞ്ഞും ഇവിടെ ഇറങ്ങിയ ശേഷം വിമാനം നെടുമ്പാശേരിയിലേക്ക് യാത്ര തുടർന്നു. വനിതാ പൈലറ്റ് ഷോമ സുരറാണ് വിമാനം നിയന്ത്രിച്ചിരുന്നത്.

ഇന്നലെ ജർമനിയിലെ ഇന്ത്യൻ കോൺസൽ ജനറൽ ആശുപത്രിയിലെത്തി പാസ്‌പോർട്ട് കൈമാറുകയായിരുന്നു. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് കോൺസുലേറ്റ് ട്വീറ്റ് ചെയ്തു. അടുത്ത ദിവസം ഇന്ത്യയിലേക്ക് മടങ്ങും.