കൊച്ചി: കാക്കനാട് എം.ഡി.എം.എ കേസ് അന്വേഷണം വഴിത്തിരിവിൽ. യുവതികൾ അടങ്ങിയ മലയാളി സംഘത്തിന് വൻതോതിൽ ലഹരി കൈമാറിയത് ചെന്നൈ ട്രിപ്ലിക്കെയിനിലെ ഇടനിലക്കാരായ സ്ത്രീയും പുരുഷനും. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാളും നിരീക്ഷണത്തിലാണ്.

അറസ്റ്റിലായവരും ഇവരും തമ്മിലുള്ള സംസാരിച്ചതിന്റെ ഫോൺകോൾ വിവരങ്ങൾ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിന് തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രതികളുടെ ഫോൺകോൾ വിവരങ്ങളുടെ പരിശോധന അവസാനഘട്ടത്തിലാണ്. പ്രധാന പ്രതികളിലൊളായ ടീച്ചർ എന്നു വിളിപ്പേരുള്ള സുസ്മിത ഫിലിപ്പുമായി ബന്ധമുള്ളവരെ ചോദ്യംചെയ്യാൻ വിളിപ്പിക്കും. എറണാകുളം, തൊടുപുഴ സ്വദേശികൾ ഈ പട്ടികയിലുണ്ട്.

മയക്കുമരുന്ന് സംഘം പരിശോധനയിൽനിന്ന് രക്ഷപെടാൻ ഉപയോഗിച്ച ലക്ഷങ്ങൾ വിലയുള്ള വിദേശഇനം നായ്ക്കളെ വാങ്ങിയ ആലപ്പുഴയിൽ ഇന്നലെ എക്സൈസ് പരിശോധന നടത്തി. അറുപതിനായിരത്തിലധികം രൂപ വിലവരുന്ന രണ്ട് വിദേശഇനം നായ്ക്കളെയാണ് വാങ്ങിയത്. വിറ്റയാളെ കണ്ടെത്താനായിട്ടില്ല. മയക്കുമരുന്നുകടത്തിനിടെ ചെക്ക് പോസ്റ്റിലെ പരിശോധനയിൽനിന്ന് രക്ഷപ്പെടാനാണ് ഇത്തരം നായകളെ ഒപ്പംകൂട്ടിയിരുന്നത്. ആക്രമണകാരിയായ റോട്ട്‌വീലർ ഉൾപ്പെടെ മൂന്ന് നായ്ക്കളാണ് സംഘത്തിനുണ്ടായിരുന്നത്. രണ്ട് സ്ത്രീകളടങ്ങിയ സംഘമാണ് ചെന്നൈയിൽനിന്ന് ആഡംബര കാറിൽ മയക്കുമരുന്ന് എത്തിച്ചിരുന്നത്.