കൊച്ചി: കതിരവന് (കതിർ) തുണയായി​ എസ്.ആർ.വി​യി​ലെ പൂർവവി​ദ്യാർത്ഥി​ സംഘടന. കഴിഞ്ഞവർഷം മാർച്ചിലുണ്ടായ വേനൽമഴയിൽ മരം കടപുഴകി ദേഹത്തു വീണ് ഇടതുകാൽ നഷ്ടപ്പെട്ട എസ്.ആർ.വി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കതിരന് പൂർവ വിദ്യാർത്ഥി സംഘടന സമാഹരിച്ച 2,34,000 രൂപയുടെ ധനസഹായം കൈമാറി.

എസ്.ആർ.വി ഒ.എസ്.എ പ്രസിഡന്റ് ഡോ.എ.കെ.സഭാപതിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംഘടന സമാഹരിച്ച തുകയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖ ടി.ജെ. വിനോദ് എം.എൽ.എ കതിരവനും അമ്മ കമലലക്ഷ്മിക്കും കൈമാറി. ആർക്കിടെക്ട് ബി.ആർ.അജിത്, കെ.വി പി. കൃഷ്ണകുമാർ, പ്രിൻസിപ്പൽമാരായ ബിജു എൻ, രാധിക .സി എന്നിവർ പ്രസംഗിച്ചു. ഒ.എസ് എ സെക്രട്ടറി എം .പി ശശിധരൻ സ്വാഗതവും, ട്രഷറർ ആർ.വിശ്വനാഥൻ നന്ദിയും പറഞ്ഞു

ഓൺലൈൻ പഠനത്തിന് ആവശ്യമായ ടാബ് ടി.ജെ വി​നോദ് എം.എൽ.എയും പാഠപുസ്തകവുംമറ്റും സുമനസുകളും കതിരവന്റെ വീട്ടിലെത്തി കൈമാറി. ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന കതിരവന്റെ കുടുംബം സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടിലായിരുന്നു.

സുഹൃത്തുക്കളുടെ ഫുട്ബാൾ മത്സരം കാണാൻ എത്തിയതായിരുന്നു കതിർ. ഇതിനിടെ മഴ നനയാതിരിത്താൻ കതിരും സുഹൃത്ത് അരുണും മരത്തിനടയിൽ നിൽക്കെയായിരുന്നു അപകടം. മരത്തിനും സമീപത്തെ മതിലിനും ഇടയിൽ കാലുകൾ പെട്ടുപോയതാണ് പരിക്ക് ഗുരുതരമാക്കിയത്.