മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിലെ ജനവാസ കേന്ദ്രത്തിൽ സ്വീവേജ് പ്ളാന്റ് നിർമിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ ഇതിനെതിരെ പ്രതികരിച്ച സി.പി.എം മുൻ ലോക്കൽ സെക്രട്ടറി കമ്മിറ്റിയിൽ നിന്നും പുറത്തായി. ഫോർട്ട്കൊച്ചി നോർത്ത് മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് അബ്ബാസാണ് ഇന്നലെ നടന്ന ലോക്കൽ സമ്മേളനത്തിൽ കമ്മിറ്റിയിൽ നിന്ന് പുറത്തായത്. സ്വീവേജ് പ്ളാന്റ് നിർമാണത്തിനെതിരെ റസിഡന്റ്സ് അസോസിയേഷൻ നടത്തിയ സമരപരിപാടിയിൽ മുഹമ്മദ് അബ്ബാസ് പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച് പാർട്ടി അബ്ബാസിന് വിശദീകരണ നോട്ടീസ് നൽകിയിരുന്നു. സമ്മേളനത്തിലും സ്വീവേജ് പ്ളാന്റ് സംബന്ധിച്ച ചർച്ച ഉയർന്ന് വന്നതായാണ് വിവരം. സമ്മേളനത്തിൽ കമ്മിറ്റിയിൽ നിന്ന് അബ്ബാസിനെ ഒഴിവാക്കുമെന്നറിഞ്ഞതോടെ അബ്ബാസ് സമ്മേളന ഹാളിൽ നിന്ന് ഇറങ്ങി പോകുകയും തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് തിരികെ വിളിക്കുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് പാനൽ പ്രഖ്യാപിച്ചപ്പോൾ അബ്ബാസിനെ ഒഴിവാക്കുകയായിരുന്നു. സ്വീവേജ് പ്ളാന്റ് വിഷയത്തിൽ സി.പി.എമ്മോ എൽ.ഡി.എഫോ ജില്ലാ തലത്തിലോ പ്രാദേശിക തലത്തിലോ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത് താഴെക്കിടയിലുള്ള പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ടെങ്കിലും പാർട്ടിനടപടി ഭയന്ന് പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. അബ്ബാസിനെതിരെ കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചെന്ന പരാതിയും ഉയർന്നിരുന്നു. അതേസമയം കമ്മിറ്റി അംഗങ്ങളുടെ എണ്ണം കുറക്കണമെന്ന മേൽകമ്മിറ്റി തീരുമാനം നടപ്പാക്കുക മാത്രമായിരുന്നുവെന്നും സമ്മേളന സ്ഥലത്ത് നിന്ന് അബ്ബാസ് ഇറങ്ങി പോയെന്നത് ഉൾപെടെയുള്ള കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.