drug

ലഹരി പൂക്കുന്ന നഗരമായി കൊച്ചി മാറുന്നു. കഞ്ചാവും സിന്തറ്റിക് മയക്കുമരുന്നുകളും അത്രത്തോളം വ്യാപകമാണ് മെട്രോ നഗരിയിൽ. സ്കൂൾ വിദ്യാർത്ഥികൾ മുതൽ ടെക്കികളും അദ്ധ്യാപികമാരും വരെ മയക്കുമരുന്നു മാഫിയയുടെ ഇരകളാണ്. കോടികളുടെ മയക്കുമരുന്നുകളുമായി പിടിയിലാവുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയുമാണ്.

ഉന്നതവിദ്യാഭ്യാസവും ഉയ‌ർന്ന ജോലിയുമുള്ള ചെറുപ്പക്കാരെ വലവീശിപ്പിടിക്കാനുള്ള ഇടനിലക്കാരും കൊച്ചിയിൽ തഴച്ചുവളരുന്നു. ഒരിടവേളയ്ക്ക് മെട്രോ നഗരി മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തിലേക്ക് അമരുകയാണ്....

കൊച്ചി: മിന്നൽ വേഗത്തിലാണ് കൊച്ചിയുടെ വളർച്ച. കൊച്ചിയിലെ മയക്കുമരുന്നു മാഫിയയും അതേ വേഗത്തിലാണ് മെട്രോനഗരിയുടെ മേൽ കരിനിഴലായി പടരുന്നത്. മലയിറങ്ങി വരുന്ന കഞ്ചാവിനോട് തീരെ താത്പര്യമില്ല. കൊച്ചിക്ക് വേണ്ടത് എം.ഡി.എം.എ പോലുള്ള രാസലഹരികളാണ്. പൊലീസും എക്സൈസും തലങ്ങും വിലങ്ങും പായുമ്പോഴും സ്കൂൾ കുട്ടികൾക്കടക്കം ആവശ്യത്തിന് ഇവ ലഭ്യമാകുന്നുണ്ട്. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ് കൊച്ചിയിൽ എത്തുന്നത്. പഞ്ചാബിനെപോലെ കൊച്ചിയും ഇന്നൊരു ലഹരി ഹബ്ബാണ്. കോടികളുടെ മയക്കുമരുന്ന് കച്ചവടം പ്രതിദിനം നടക്കുന്നു. ഇതിൽ ഓരം ചേർന്ന് ഇടനിലക്കാരും മൊത്തവിതരണക്കാരും തടിച്ചുകൊഴുക്കുകയാണ്.

കൊച്ചിയിലെ ലഹരി സംബന്ധമായ കേസുകൾ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ജനുവരി മുതൽ ഇതുവരെ 500ലധികം പേരെയാണ് സിന്തറ്റിക്ക് ഡ്രഗ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 30 കലോ കഞ്ചാവ്, 733 എൽ.എസ്.ഡി സ്റ്റാമ്പ്, 108 നൈട്രോസൺ ഗുളികകൾ, 116.59 ഗ്രാം ഹാഷിഷ് ഓയിൽ 5 ഗ്രാം ഹാഷിഷ്, 8,04,500 രൂപ, എന്നിവ പിടിച്ചെടുത്തു.സംസ്ഥാനത്ത് ആദ്യമായാണ് 733 എൽ.എസ്.ഡി സ്റ്റാമ്പുകൾ ഒരുമിച്ച് പിടികൂടുന്നത്.

താമസം ഒരുമാസം

ശ്രീലങ്കൻ ബന്ധമടക്കം സ്ഥിരീകരിച്ച കാക്കനാട് ലഹരിക്കേസ് അന്വേഷണത്തിനിടെ എക്സൈസ് ക്രൈംബ്രാഞ്ചിന് നേരിട്ട അനുഭവങ്ങളും പ്രതിസന്ധികളും മയക്കുമരുന്നുമാഫിയയുടെ ഉള്ളറ രഹസ്യങ്ങളിലേക്കുള്ള വഴികൾ തുറന്നു.

കൊച്ചിയിലെ പല ഫ്ലാറ്റുകളിലും 70 ശതമാനം പേരും സ്ഥിരതാമസക്കാരല്ല. ഫർണിഷ്ഡ് ഫ്ലാറ്റുകളിലെ താമസക്കാർ ആഴ്ചകളും മാസങ്ങളും തോറും മാറിക്കൊണ്ടിരിക്കും. വരുന്നതാര് ? പോകുന്നതാണ് ? ആർക്കുമറി​യി​ല്ല. കെയർടേക്കർമാരോ കാവൽക്കാരോ ഇല്ലാത്ത ഫ്ളാറ്റുകളുമുണ്ട്.

കാക്കനാട് കേസിലെ പ്രതികളും സമാനരീതിയിലായിരുന്നു ഫ്ലാറ്റുകളിലെ താമസം. കാലപ്പഴം ചെന്ന, ആൾതാമസം കുറഞ്ഞ ഫ്ലാറ്റുകളാണ് ഇവരുടെ വി​ഹാരകേന്ദ്രങ്ങൾ. 20000 മുതൽ വാടക നൽകാനും മടിയില്ല. സെക്യൂരിറ്റിയടക്കമുള്ള സുരക്ഷയില്ലാത്തത് മുതലെടുക്കാനാണിത്. രാത്രി വന്നുപോകുന്നവരെ തിരിച്ചറിയാനാകില്ല. ലഹരിമരുന്നുകൾ ഫ്ലാറ്റകളിൽ വച്ചാണ് ചെറുപൊതികളാക്കി കൈമാറ്റം ചെയ്യുന്നത്. പുലർച്ചെ വരെ നീളുന്ന ലഹരിപ്പാർട്ടികളും നടത്തിയാണ് യുവാക്കളെ ലഹരിയുടെ പടുകുഴിയിലേക്ക് വീഴ്ത്തുന്നത്.

ഉച്ചവരെമാത്രം

ഫ്ലാറ്റുകൾ മാത്രമല്ല, ഹോട്ടലുകളിലും ലഹരി ഇടപാട് കൊഴുക്കുകയാണ്. ഓൺലൈനായി റൂം ബുക്ക് ചെയ്യുന്ന ഒഴി​ഞ്ഞ മേഖലകളി​ലെ ചെറുഹോട്ടലുകളാണ് താവളങ്ങൾ. അന്യസംസ്ഥാനങ്ങളി​ൽ നി​ന്ന് കൊണ്ടുവരുന്ന ലഹരിമരുന്നുകൾ തരംതിരിക്കലും കൈമാറ്റവും ഇവി​ടങ്ങളി​ൽ നടക്കുന്നുണ്ട്. സംഘങ്ങൾക്കൊപ്പം യുവതി​കളും ഉണ്ടാകും.

ലഹരിക്കേസിൽ അറസ്റ്റ് ചെയ്ത് കൊച്ചി സ്വദേശി നഗരത്തിലെ മുന്തിയ ഹോട്ടലിലടക്കം താമസിച്ചാണ് ഇടപാട് നടത്തിയിരുന്നത്. ഏതാനും മാസം മുമ്പ് കൊച്ചിയിലെ നാല് ആഡംബര ഹോട്ടലിൽ എക്സൈസും കസ്റ്റംസും മിന്നൽ പരിശോധന നടത്തി ഏതാനും പേരെ അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചിയിലെത്തുന്ന ലഹരികൾ

 ഹെറോയിൻ

 മെത്താഫെറ്റാമിൻ

 ബ്രൗൺ ഷുഗ‌ർ

 ഹാഷിഷ് ഓയിൽ

 എൽ.എസ്.ഡി

 കഞ്ചാവ്

ലഹരി ഉപയോഗിച്ച്

വമ്പൻ ഡീലറായി
വിവാഹ മോചനത്തിന് ശേഷം ചെറുതായി ലഹരി ഉപയോഗിച്ച് തുടങ്ങിയതാണ് ഫോർട്ടുകൊച്ചി​യി​ലെ ടീച്ചർ എന്ന് വി​ളി​പ്പേരുള്ള സ്മിത ഫിലിപ്പ്. അത് പതിവായി. നിരവധി സുഹൃത്തുക്കളുള്ള സുസ്മിത ഇവരിലൂടെയാണ് ലഹരി വാങ്ങിയിരുന്നത്. വിലപിടിപ്പുള്ള വിദേശ ഇനം നായ്ക്കളെ വളർത്തുന്നത് ഹോബിയായിരുന്ന ഇവരെ ലഹരി സംഘങ്ങൾ പതിയെ അവരുടെ ഭാഗമാക്കി. എട്ട് ലക്ഷത്തോളം രൂപയാണ് അടുത്തിടെ മയക്കുമരുന്ന് ഇടപാടിൽ സുസ്മിതയുടെ അക്കൗണ്ടിൽ വന്നിട്ടുള്ളത്. ബി.എഡ് പൂർത്തിയായ ശേഷം ഓൺലൈൻ ക്ലാസുകൾ എടുത്തുവരികയായിരുന്നു. സുസ്മിത താമസിക്കുന്ന കൂവപ്പടിയിലെ നാട്ടുകാർക്ക് ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല. ആരോടും വലിയ അടുപ്പം ഇവർ പുലർത്തിയിരുന്നില്ല. വി​വാഹമോചി​തയാണ്. ഒരു മകളുള്ളത് ഭർത്താവി​നൊപ്പമാണ്.