കളമശേരി: ശനിയാഴ്ച രാത്രി ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടുത്തത്തിൽ വിലപ്പെട്ട രേഖകൾ, കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ, ഒരു ലക്ഷം രൂപയുടെ തുണിത്തരങ്ങൾ, വീട്ടുകാരുടെ വസ്ത്രങ്ങൾ, തയ്യൽ മെഷീൻ, ടി വി ,ഫർണിച്ചർ തുടങ്ങിയവയെല്ലാം പൂർണമായും അഗ്നിക്കിരയായി. കളമശേരി ഗവ. ഹൈസ്കൂളിനു സമീപം വാടകയ്ക്ക് താമസിക്കുന്ന വലിയ വേലിക്കകം വീട്ടിൽ ഷീബയ്ക്കും കുടുംബത്തിനുമാണ് വൻദുരന്തം നേരിടേണ്ടി വന്നത്. രാത്രി എട്ടരയോടെ തീയും പുകയും കണ്ട് ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്. രണ്ടു മുറികൾ മുഴുവനായി കത്തി. തയ്യൽ തൊഴിലാളിയായ ഷീബയും വിദ്യാർത്ഥിനികളായ നാല് പെൺമക്കളുമാണ് ഇവിടെ താമസിക്കുന്നത്. വിവിധ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കുമായി തയ്ച്ചു കൊടുക്കുന്നതിന് വാങ്ങി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തി ചാമ്പലായത്. മുനിസിപ്പാലിറ്റിയുടെ സഹായം കിട്ടില്ലെന്നും പണം പിരിച്ച് വേണ്ട സഹായം എത്തിക്കുമെന്നും വാർഡ് കൗൺസിലർ അൻവർ പറഞ്ഞു.