കാലടി: മഞ്ഞപ്രയുടെ അക്ഷരമുത്തശ്ശിക്ക് 114-ാം വയസിൽ പുത്തൻ സ്കൂൾ കെട്ടിടം. കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപയാണ് സർക്കാർ പുതിയ കെട്ടിടത്തിനായി അനുവദിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്ന ഓടുമേഞ്ഞ സ്ക്കൂൾ കെട്ടിടം പൊളിഞ്ഞു വീഴാറായിട്ട് വർഷങ്ങൾ പിന്നിട്ടിരുന്നു.
1907 ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് ദിവനായിരുന്ന വി.രാജഗോപാലാചാരി നിയമം മൂലം സർക്കാർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചപ്പോൾ വൈക്കോൽ മേഞ്ഞ കെട്ടിടത്തിൽ ചന്ദ്രപ്പുര ജംഗ്ഷനു സമീപമായിരുന്നു ഉണ്ടായിരുന്നത്. ഈ വിദ്യാലയം 1966 വരെ എൽ.പി.സ്കൂളായും പിന്നീട് യു.പി.സ്കൂളായും 1974 വരെ പ്രവർത്തിച്ചു. മഞ്ഞപ്ര പഞ്ചായത്ത് 33,000 രൂപയിൽ സ്ഥലം വാങ്ങി കൈമാറിയപ്പോൾ 1974 ൽ ഹൈസ്കൂൾ ആയി മാറി. നാട്ടുകാർ ചേർന്ന് 25,000 രൂപ സംഭാവന പിരിച്ച് വൈക്കോൽ കെട്ടിടം പിന്നീട് ഓടുമേഞ്ഞു.
''അങ്കമാലി എം.എൽ.എ ആയിരുന്ന എ.പി.കുര്യന്റെ നിസ്വാർത്ഥ സേവനമാണ് സ്കൂളിനെ പടിപടിയായി ഉയർത്തിയത്. ഈ അക്ഷരമുത്തശ്ശി 2000 മുതൽ ഹയർ സെക്കൻഡറിയായും മാറി"- മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി സെക്രട്ടറി കെ.കെ.വിജയനും ലൈബ്രേറിയൻ സി.പി.ശിവനും ഓർമ്മകൾ പങ്കുവെച്ച് പറഞ്ഞു.