വൈപ്പിൻ: എറണാകുളം റൂറൽ പൊലീസ് ജില്ലയെ സ്മാർട്ട് പോലീസിംഗ് സംവിധാനത്തിലൂടെ കു​റ്റമ​റ്റതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ആവിഷ്‌കരിച്ച തൗസന്റ് ഐസ് പദ്ധതി മുനമ്പം സബ് ഡിവിഷനിലെ ആറു പൊലീസ്

സ്​റ്റേഷനുകളിലേക്കും കൂടി ഈ വർഷം വ്യാപിപ്പിക്കുമെന്ന് മുനമ്പം ഡിവൈ.എസ്.പി ആർ. ബൈജുകുമാർ അറിയിച്ചു. ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കമാന്റ് ആൻഡ് കൺട്രോൾ റൂമിനു കീഴിൽ റൂറൽ ജില്ലയാകെ സി.സി.ടി.വി നെ​റ്റ്‌വർക്ക് കേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. ഇതുപ്രകാരം മുനമ്പം പൊലീസ് സബ്ഡിവിഷനു കീഴിൽ വരുന്ന മുനമ്പം, ഞാറക്കൽ, പറവൂർ, വടക്കേക്കര, പുത്തൻ വേലിക്കര, വരാപ്പുഴ സ്​റ്റേഷൻ പരിധികളിൽ പ്രധാന കവലകൾ, സ്‌കൂൾ, കോളേജ് എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലായി സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. നിലവിൽ മുനമ്പത്ത് 58 ഉം വരാപ്പുഴയിൽ 27 ഉം കാമറകൾ ഇപ്പോൾ സജ്ജമാണ്. ബാക്കിയുള്ള പൊലീസ്

സ്​റ്റേഷനുകളുടെ പരിധിയിൽ കൂടി കാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചുവരികയാണ്. സംസ്ഥാനത്തിനു തന്നെ മാതൃകയായി ഈ പദ്ധതി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിനാനിപുരം പൊലീസ് സ്​റ്റേഷൻ പരിധിയിൽ കാമറകൾ സ്ഥാപിച്ചുകൊണ്ട് റൂറൽ എസ്.പി തന്നെയാണ് തുടക്കം കുറിച്ചത്.