മൂവാറ്റുപുഴ: സ്കൂളുകൾ തുറക്കാനിരിക്കെ ഗവ. മോഡൽ ഹൈസ്കൂൾ ഗ്രൗണ്ടിലെ വികസനം കടലാസിൽ മാത്രമാണെന്ന പരാതി ശക്തമാകുന്നു. സ്കൂൾ മൈതാനമെങ്കിലും ശുചീകരിക്കുകയെന്ന ആവശ്യമാണ് ഉയരുന്നത്. കായികമേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഫുട്ബാൾ പരിശീലന കേന്ദ്രമടക്കം നിരവധി പദ്ധതികൾ വരുമെന്ന് പ്രഖ്യാപി ച്ച ഗവ. മോഡൽ ഹൈസ്കൂൾ ഗ്രൗണ്ടിലെ വികസനം ഫലത്തിൽ എങ്ങുമെത്തിയിട്ടില്ല.
കൊവിഡിനുമുമ്പുവരെ നിരവധി കായികപ്രേമികൾ ആശ്രയിച്ചു വന്നമൈതാനം ഇപ്പോൾ കാട് പിടിച്ച് കുറുക്കൻമാരുടെയും ഇഴജന്തുക്കളുടെയും താവളമാണ്. ഇതു ഭയന്ന് ആരും ഇങ്ങോട്ട് എത്താറില്ല. ഗവൺമെന്റ് മോഡൽ സ്കൂളിനു സമീപമുള്ള ഏഴരയേക്കർ വരുന്ന മൈതാനം ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും പരിശീലന കേന്ദ്രമായിരുന്നു. നിത്യേന നൂറുകണക്കിനു കായി പ്രേമികൾ ആശ്രയിക്കുന്ന മൈതാനം സംരക്ഷിക്കാനോ കൂടുതൽ സൗകര്യങ്ങളൊക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.
പദ്ധതികൾ റെഡി, പക്ഷേ നടപ്പാക്കില്ല
മൈതാനത്ത് കായികമേഖലയുടെ വളർച്ച ലക്ഷ്യമിട്ട് പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഒന്നുപോലും നടപ്പായില്ല. ഗണേഷ്‌കുമാർ കായികമന്ത്രിയായിരുന്നപ്പോൾ മൈതാനത്ത് ഫുട്ബോൾ പരിശീലനകേന്ദ്രം നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് മുന്നോട്ടുപോയില്ല. അത്‌ലറ്റിക്കിനും മറ്റും ഉപയോഗകരമാകുന്ന വിധത്തിൽ മൈതാനം ഒരുക്കാനും കായിക പരിശീലനങ്ങൾ നൽകാനും നഗരസഭയുടെ നേതൃത്വത്തിലും ശ്രമം നടന്നിരുന്നു. സമീപ പഞ്ചായത്തുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമൊക്കെയുള്ള കായികപ്രതിഭകൾ ഇവിടെ പരിശീലനത്തിനെത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ മാത്രമെങ്കിലും ഒരുക്കിയാൽ മൂവാറ്റുപുഴയുടെ കായിക മേഖലയ്ക്ക് മൈതാനം മുതൽക്കൂട്ടാകും. കാടുകൾ വെട്ടിത്തെളിച്ച്, വെള്ളക്കെട്ടുകളും കുഴികളും ഒഴിവാക്കി മൈതാനത്തിൽ കുടിവെള്ളമെത്തിച്ചും പ്രാഥമികാവശ്യങ്ങൾക്കായി ശൗചാലയ സൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടിയുണ്ടായാൽ തന്നെ കായികപ്രതിഭകൾക്ക് അനുഗ്രഹമാകും.
നടപടിയെടുക്കണം
മൂവാറ്റുപുഴയിലെ പുരാതനമായ സ്കൂളുകളിൽ ഒന്നാണ് ഗവ.മോഡൽ ഹൈസ്കൂൾ മൈതാനം എത്രയും വേഗം നവീകരിച്ച് കായിക പ്രതിഭകൾക്ക് പരിശീലനത്തിനായി നൽകുന്നതിന് നടപടി സ്വീകരിക്കുവാൻ നഗരസഭ തയ്യാറാകണം
കെ.എം. ദിലീപ്,
കായികപ്രേമി