kudumbasree

കൊച്ചി: വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാർഡൻ' പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമാകുന്നു. പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും വിളയിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്ത് 10 ലക്ഷം ഗുണഭോക്താക്കളെ കണ്ടെത്തി പ്രാദേശിക കാർഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായാകും കൃഷി. കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായി നടപ്പു സാമ്പത്തികവർഷം ഓരോ വാർഡുകളിലും പോഷകോദ്യാനങ്ങൾ തയ്യാറാക്കാനാണ് തീരുമാനം.

ജില്ലയിൽ 60000 കുടുംബങ്ങൾ

ഒാരോ വാർഡിലും 50 കുടുംബങ്ങൾ എന്ന നിലയിൽ ജില്ലയിലെ 82 പഞ്ചായത്തുകളിൽ നിന്നായി 60000 കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലാണ് പോഷകോദ്യാനം ഒരുങ്ങുക. കുഞ്ചിപ്പാറ, തലവെട്ടിപ്പാറ ആദിവാസി ഊരുകളും പട്ടികയിലുണ്ട്. ഇവർക്ക് വിത്തുകളും നൽകി. കുടുംബശ്രീ കുടുംബങ്ങൾക്കുള്ള വിത്തുവിതരണം നവംബർ 1മുതൽ ആരംഭിക്കും.

വിത്തുകൾ

തക്കാളി, പാവൽ, ചീര, മത്തൻ, മല്ലി, പുതിന വെണ്ട, വഴുതന, വെള്ളരി എന്നിവയിൽ ഏതെങ്കിലും അഞ്ചെണ്ണവും രണ്ടിനം ഫലവൃക്ഷങ്ങളുമാണ് അഗ്രി ന്യൂട്രി ഗാർഡനിൽ കൃഷി ചെയ്യുന്നത്. ഓരോ ഗുണഭോക്താക്കളും കുറഞ്ഞത് മൂന്നു സെന്റിൽ ജൈവരീതിയിൽ കൃഷി ചെയ്യണം. വാർഡുകളെ ക്ലസ്റ്ററുകളാക്കും. ഓരോന്നിനും ക്ലസ്റ്ററിനും പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ ഭാരവാഹികളും ഉണ്ടാകും.

പരിശീലനം

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള റിസോഴ്സ് പേഴ്സൺമാർ ക്ലാസുകൾ നൽകും. ശേഷം ഇവർ വീടുകളിൽ എത്തി കൃഷിയുടെ പുരോഗതി മനസിലാക്കി വേണ്ട നിർദ്ദേശം നൽകും. പദ്ധതിയുടെ ഭാഗമായുള്ള കാമ്പയിൻ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

എസ്.രഞ്ജിനി,ജില്ല മിഷൻ കോഓർഡിനേറ്റർ