കൊച്ചി: കൊവിഡാനന്തരം നഗരത്തിൽ തിരക്ക് വർദ്ധിക്കുമ്പോഴും കെ.എസ്.ആർ.ടി.സി ബസുകൾ കാണാമറയത്ത്. വരുമാനമുള്ള റൂട്ടുകളിൽ പോലും നിർത്തിവച്ച ബസുകൾ ആരംഭിച്ചിട്ടില്ല. സ്വകാര്യ ബസുകളിൽ തിരക്ക് വർദ്ധിക്കുമ്പോഴുള്ള സ്ഥിതിയാണിത്. സർവീസുകൾ പുനരാരംഭിക്കുന്നതിനോ റൂട്ടുകൾ പുനക്രമീകരിക്കുന്നതിനോ നടപടിയായിട്ടില്ല. കൊവിഡിന് മുമ്പ് 88 സർവീസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 62 സർവീസുകളാണുള്ളത്. ഓടാത്തവയിൽ പലതും സിറ്റി സർവീസുകളാണ്. ഇവ പുനർക്രമീകരിച്ചാൽ മാത്രമേ വരുമാനത്തിൽ വർദ്ധനവുണ്ടാവൂ. കൊവിഡിന് മുമ്പ് 11 സിറ്റി സർവീസുകളുണ്ടായിരുന്നു എന്നാൽ ഇവയൊന്നും ആരംഭിച്ചിട്ടില്ല.
ഓഫീസുകളിൽ ജീവനക്കാർ മുഴുവൻ എത്തിത്തുടങ്ങുകയും കോളേജുകളും ആരംഭിച്ചതോടെ തിരക്ക് ഇരട്ടിച്ചു. രാവിലെയും വൈകിട്ടും കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയിരുന്ന റൂട്ടുകളിൽ സ്വകാര്യ ബസുകൾ കൈയേറി. കൃത്യമായി സർവീസ് പുനക്രമീകരണം നടത്തിയാൽ മാത്രമേ ഇനി ഈ റൂട്ടുകളിൽ ലാഭം നേടാനാവൂ. വിദ്യാർത്ഥികൾക്കായി ബോണ്ട് സർവീസുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതിയിടുമ്പോഴും സിറ്റി- ഓർഡിനറി സർവീസുകളെ പൂർണമായും മറന്ന മട്ടാണ്.
റൂട്ട് ക്രമീകരണത്തിൽ ആശങ്ക
കെ.എസ്.ആർ.ടി.സിയുടെ പഴയ റൂട്ടുകളിൽ പുനക്രമീകരണം നടത്തുന്നതിൽ ആശങ്ക തുടരുകയാണ്. ആളുകൾ കൂടുതലുള്ള റൂട്ടുകളിലെ ബസുകൾ പലതുമാണ് നിലവിൽ ഓടാതെ കിടക്കുന്നത്. ഗ്രാമപ്രദേശങ്ങളിലേക്ക് ഗ്രാമവണ്ടികൾ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ കുമ്പളങ്ങി, പനങ്ങാട്, അരൂർ, പറവൂർ, വൈപ്പിൻ, ഫോർട്ടുകൊച്ചി തുടങ്ങിയ പ്രദേശങ്ങളിൽ സർവീസുകൾ കുറവാണ്. സർവീസ് നടത്തിയിരുന്ന ബസുകൾ വരെ നിർത്തലാക്കിയിട്ടുണ്ട്. കൂടാതെ ഏഴു മണിക്ക് ശേഷം സർവീസുളില്ലാത്ത മേഖലയുണ്ട്. ഇവയെല്ലാം തുടങ്ങുന്നത് സംബന്ധിച്ച് അധികൃതർ മൗനത്തിലാണ്.
വരുമാനം വർദ്ധനവിന്റെ പാതയിൽ
കെ.എസ്.ആർ.ടി.സി.യിലെ ബസുകളുടെ പൂർണ ചുമതല ഇൻസ്‌പെക്ടർമാർക്ക് കൈമാറിയതോടെ കെ.എസ്.ആർ.ടിയുടെ വരുമാനത്തിൽ വർദ്ധനവുണ്ട്. വരുമാനം എട്ടര ലക്ഷത്തിലേക്ക് എത്തിയിട്ടുണ്ട്. ദീർഘദൂര സർവീസുളിൽ നിന്നാണ് പ്രധാന വരുമാനം. കൊവിഡിൽ അഞ്ചു ലക്ഷത്തിനടുത്തായിരുന്നു വരുമാനം എറണാകുളം ഡിപ്പോയിൽ കുറഞ്ഞിരുന്നു. എട്ട് ലക്ഷം രൂപയാണ് ഡിപ്പോയുടെ പ്രതിദിന വരുമാന ടാർജറ്റ്.
കെ.എസ്.ആർ.ടി.സിയിലേക്ക് യാത്രാക്കാരെ എത്തിക്കാനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കും. മറ്റു കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നത് ഡയറക്ടറേറ്റാണ്. വിദ്യാർത്ഥികൾക്കുള്ള ബോണ്ട് സർവീസുകൾ, ഗ്രാമവണ്ടി എന്നിവ ഏറെ താമസിയാതെ എറണാകുളം ഡിപ്പോയിലേക്കും എത്തും.
വി.എം. താജുദ്ദീൻ,ഡി.ടി.ഒ,കെ.എസ്.ആർ.ടി.സി. എറണാകുളം
എറണാകുളം ഡിപ്പോ
ആകെ സർവീസ് :88
ഇപ്പോൾ സർവീസ് നടത്തുന്നത് : 62 (ഞായർ 52)
ലോക്ക്ഡൗണിന് ശേഷം സർവീസ് തുടങ്ങിയപ്പോൾ : 3-4 ലക്ഷം
നിലവിലെ വരുമാനം : 8.5 ലക്ഷം