train

കൊച്ചി: മെമു, പാസഞ്ചർ ട്രെയിനില്ലാത്തതിനാൽ ദുരിതത്തിലായി എറണാകുളം യാത്രക്കാർ. എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് പുറപ്പെട്ടിരുന്ന എറണാകുളം -കായംകുളം പാസഞ്ചറിനെയും 7.40 ന് ഉണ്ടായിരുന്ന എറണാകുളം കൊല്ലം മെമുവിനെയും ആശ്രയിച്ചിരുന്ന യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. മറ്റ് എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഒട്ടുമിക്ക സർവീസുകളും ആരംഭിച്ച റയിൽവേ ആലപ്പുഴ-എറണാകുളം യാത്രക്കാരെ അവഗണിച്ചിരിക്കുകയാണെന്ന് ഫ്രണ്ട്സ് ഓൺ റെയിൽ കൂട്ടായ്മ ഭാരവാഹികൾ പറയുന്നു. രാവിലെ 7.25ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന മെമു എല്ലാ സ്റ്റേഷനുകളിലും നിറുത്തുകയും മേല്പറഞ്ഞ 2 ട്രെയിനുകളുെ പുനഃസ്ഥാപിക്കുകയും ചെയ്‌താൽ മാത്രമേ യാത്ര ദുരിതത്തിന് പരിഹാരം ആകു എന്ന് കൂട്ടായ്മ കൂട്ടിച്ചേർത്തു. നിലവിൽ എറണാകുളത്ത് നിന്ന് 4 മണിക്കുള്ള മെമു മാത്രമാണുള്ളത്. നാമ മാത്രമായ യാത്രക്കാർക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ള നിരവധി യാത്രക്കാർ പാസഞ്ചറിന്റെ അഭാവം മൂലം മറ്റ് ഗതാഗത മാർഗങ്ങളെ ആശ്രയിച്ച് വളരെ വൈകിയാണ് വീടുകളിൽ എത്തുന്നത്. വരും ദിവസങ്ങളിൽ റയിൽവേയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് യാത്രക്കാ‌ർ കൂട്ടിച്ചേർത്തൂ.