മുളന്തുരുത്തി: ജനങ്ങളുടെ വർദ്ധിച്ചു വരുന്ന ദുരിതങ്ങൾക്കെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ ദേശീയതലത്തിൽ ഇടതുപാർട്ടികൾ ഒരു ശക്തിയായി മാറണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുളന്തുരുത്തിയിൽ ആർ.എസ്.പിയിൽ നിന്ന് സി.പി.ഐയിൽ ചേർന്നവരെ സ്വീകരിക്കാൻ പള്ളിത്താഴത്ത് ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം സാധാരണക്കാരുടെ ദുരിതം ഇരട്ടിയായി. എന്തും വിറ്റുതുലയ്ക്കാമെന്ന ഭ്രാന്തമായ നിലപാടാണ് കേന്ദ്ര ഭരണകൂടത്തിന്റേത്. ഇതിനെതിരായ പോരാട്ടം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ദേശീയ പണിമുടക്കിന്റെ വിജയം ഇതാണ് വൃക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കെ.എം ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു.
2014ൽ സി.പി.എം വിട്ടു പോയ ശേഷം പിന്നീട് ആർ.എസ്.പി യിൽ ചേർന്ന 147 പേരാണ് ഇപ്പോൾ സി.പി.ഐയിൽ ചേർന്നത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ സുഗതൻ, എം.ടി നിക്സൻ, മണ്ഡലം സെക്രട്ടറി സി.എൻ സദാമണി, കെ.പി ഷാജഹാൻ, പി.വി ചന്ദ്രബോസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.