ആലുവ: സി.പി.എം ആലുവ ഏരിയ സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രണ്ട് ലോക്കൽ സമ്മേളനങ്ങൾ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നിർത്തിവച്ചത് നേതൃത്വത്തിന് തലവേദനയായി. വി.എസ് - പിണറായി പക്ഷങ്ങൾ ഇല്ലെങ്കിലും സി.പി.എമ്മിൽ പ്രാദേശിക ഗ്രൂപ്പുകളികൾ അവസാനിക്കുന്നില്ലെന്നതിന് തെളിവാണ് ഏരിയയിലെ കടുങ്ങല്ലൂർ വെസ്റ്റ്, എടത്തല വെസ്റ്റ് ലോക്കൽ സമ്മേളനങ്ങൾ ഭാഗികമായി മുടങ്ങിയത്.
എടത്തല വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ട മൂന്ന് പേരിൽ രണ്ടുപേർ വീണ്ടും മത്സരത്തിന് സന്നദ്ധമായതാണ് പ്രശ്നമായത്. ജില്ലാ കമ്മിറ്റിയിൽ നിന്നും പങ്കെടുത്തവർ സമവായത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. വോട്ടെടുപ്പ് ഒഴിവാക്കണമെന്ന ജില്ലാ കമ്മിറ്റി നിർദ്ദേശത്തെ തുടർന്ന് സമ്മേളനം പിരിച്ചുവിടുകയായിരുന്നു. കടുങ്ങല്ലൂർ വെസ്റ്റിലും സമാന സാഹചര്യമായിരുന്നു. കമ്മിറ്റിയിൽ നിന്നും മൂന്ന് പേരെയാണ് ഒഴിവാക്കിയത്. ഇതിൽ ഒരാളെ സമ്മേളന പ്രതിനിധികൾ നിർദ്ദേശിക്കുകയും ഇയാൾ മത്സരരംഗത്ത് ഉറച്ചുനിൽക്കുകയും ചെയ്തോടെ ഈ സമ്മേളനവും മുടങ്ങി.
23 മുതൽ 25 വരെ എടത്തലയിലാണ് ഏരിയ സമ്മേളനം. അതിന് മുമ്പായി ഇരുലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ചില്ലെങ്കിൽ ആലുവ ഏരിയ സമ്മേളനത്തെ മാത്രമല്ല, കളമശേരി ഏരിയ സമ്മേളനത്തെയും ബാധിക്കും. ഏരിയാ കമ്മിറ്റികളും അതിർത്തികളും പുനർനിർണയിച്ച സാഹചര്യത്തിൽ കടുങ്ങല്ലൂർ കമ്മിറ്റികൾ ഈ സമ്മേളനത്തോടെ കളമശേരി ഏരിയ കമ്മിറ്റിയിലാകും. ആലുവ സമ്മേളനത്തിൽ റിപ്പോർട്ടും ചർച്ചയും മറുപടിയും കഴിഞ്ഞാൽ കടുങ്ങല്ലൂർ വെസ്റ്റ്, ഈസ്റ്റ് കമ്മിറ്റികളിൽ നിന്നുള്ളവർ സമ്മേളനഹാൾ വിടണം. തുടർന്ന് കളമശേരി സമ്മേളനത്തിൽ കമ്മിറ്റി തിരഞ്ഞെടുപ്പിൽ പങ്കെടുക്കണം.
പിരിച്ചുവിടുന്ന നെടുമ്പാശേരി എരിയയുടെ ഭാഗമായിരുന്ന നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ളവരും ആലുവ സമ്മേളനത്തിൽ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്ന 25ന് പങ്കെടുക്കണം. പിരിച്ചുവിടുന്ന കാലടി എ.സിയിലെ ശ്രീമൂലനഗരം കമ്മിറ്റിയും ആലുവ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് ദിവസം പങ്കെടുക്കണം.
കമ്മിറ്റികളുടെ പുനർനിർണയം അശാസ്ത്രീയമെന്ന് പരാതി
ഏരിയാ കമ്മിറ്റികളുടെ അതിർത്തി പുനർനിർണയിച്ചത് അശാസ്ത്രീയമാണെന്ന് അണികൾക്കും നേതാക്കൾക്കും ആക്ഷേപം. ചിലരെ ഒതുക്കാനും മറ്റുചിലരെ പ്രതിഷ്ഠിക്കാനുമാണ് ലക്ഷ്യമെന്നാണ് ആക്ഷേപം. കളമശേരി നിയോജക മണ്ഡലത്തിന്റെ ഭാഗമായ കുന്നുകരയെ ആലുവ ഏരിയയിൽ ഉൾപ്പെടുത്തിയതാണ് ഏറെ പ്രതിഷേധത്തിന് കാരണം. ഭൂമിശാസ്ത്രപരമായി പറവൂരിനോട് ചേർന്നാണ് കുന്നുകര. എന്നിട്ടും 15 കിലോമീറ്ററിലേറെ അകലെയുള്ള ആലുവയുടെ ഭാഗമാക്കി. അതേസമയം, ആലുവ നഗരസഭയോട് ചേർന്നുള്ള കടുങ്ങല്ലൂരിനെ കളമശേരിയിലും ആലുവ മണ്ഡലത്തിൽപ്പെട്ട കാഞ്ഞൂരിനെ അങ്കമാലിയിലുമാക്കി. ഭൂമിശാസ്ത്രപരമായ സൗകര്യമാണ് പരിഗണിച്ചതെങ്കിൽ കടുങ്ങല്ലൂരും മണ്ഡലമാണ് പരിഗണിച്ചതെങ്കിൽ കാഞ്ഞൂരുമാണ് ആലുവയുടെ ഭാഗമാകേണ്ടിയിരുന്നത്.
ചൂർണിക്കരയിൽ മുഹമ്മദ് നാസർ സെക്രട്ടറി
ചൂർണിക്കര ലോക്കൽ സെക്രട്ടറിയായി മുഹമ്മദ് നാസറിനെ തിരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന സെക്രട്ടറി കെ.എ. അലിയാരുടെ പേര് നിർദ്ദേശിക്കപ്പെട്ടെങ്കിലും സ്വയം ഒഴിഞ്ഞുമാറി. കമ്മിറ്റി തിരഞ്ഞെടുപ്പ് മത്സരത്തിലേക്ക് നീണ്ടെങ്കിലും ജില്ലാ നേതൃത്വം ഇടപ്പെട്ട് ഒഴിവാക്കി. കെ. ദിലീഷ് കുമാർ, പി.ആർ. അശോക് കുമാർ, റംല അലിയാർ എന്നിവർ പുതിയ ലോക്കൽ കമ്മിറ്റി അംഗങ്ങളായി.
131 ബ്രാഞ്ചുകൾ
ആലുവ എ.സിയിൽ 131 ബ്രാഞ്ചുകളും ഏഴ് ലോക്കൽ കമ്മിറ്റികളുമാണുള്ളത്. ഒരു ബ്രാഞ്ച് സമ്മേളനം മാത്രമാണ് നിർത്തിവച്ചെങ്കിലും പിന്നീടത് പൂർത്തീകരിച്ചു. ലോക്കൽ സമ്മേളനങ്ങളിൽ രണ്ടെണ്ണം മുടങ്ങി. 115 പേരാണ് എ.സി സമ്മേളന പ്രതിനിധികൾ.