കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെയും തിരുവാതിര അക്കാദമിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 13 ന് സരസ്വതി മണ്ഡപത്തിലെ പൂജ വയ്പ്പ്. വൈകിട്ട് 6.30ന് നവരാത്രി സംഗീതോത്സവം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനാകും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി സംഗീത വിഭാഗം മേധാവി ഡോ.മഞ്ജു ഗോപാൽ നവരാത്രി മാഹാത്മ്യ പ്രഭാഷണവും സംഗീത സദസും നടത്തും. അക്കാദമി വിദ്യാർത്ഥികളുടെ സംഗീതാർച്ചന, സംഗീത അദ്ധ്യാപകൻ കെ.ജി സുധാകരന്റെ നേതൃത്വത്തിൽ നടക്കും.

ഒക്ടോബർ 14 രാവിലെ 10 ന് ആർ. രാജേഷും വിനോദ് ഹരിയും നേതൃത്വം നൽകുന്ന മൃദംഗം സോളോ, വയലിൻ സോളോ അവതരണവും വൈകട്ട് 6:30ന് നൃത്താദ്ധ്യാപിക സിന്ധു സുനിലിൻ്റെ നേതൃത്വത്തിൽ അക്കാദമി വിദ്യാർത്ഥികളുടെ നൃത്താർച്ചന, തിരുവാതിരക്കളി എന്നിവ നടത്തും. വിജയദശമി ദിനമായ 15 ന് രാവിലെ 8.00 ന് പൂജയെടുപ്പ് ,8:30 ന് വിദ്യാഗോപാല മന്ത്രാർച്ചന എന്നിവയോടെ നവരാത്രി മഹോത്സവത്തിന് സമാപനം. വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കാനുള്ള സൗകര്യം ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി കെ.എ.പ്രസൂൺ കുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0484 2600182,2601182.