കൊച്ചി: പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട്ടെ മേഖലാ ഓഫീസിന് ആറ് മാസം കഴിഞ്ഞിട്ടും ആസ്ഥാനമായില്ല. പുതുതായി നിയോഗിച്ച ഡെപ്യൂട്ടി ഡയറക്ടറും സൂപ്രണ്ടും ക്ളാർക്കും വെസ്റ്റ് യാക്കരയിലെ പിന്നാക്ക ക്ഷേമ കോർപറേഷൻ ഓഫീസിന്റെ മൂലയ്ക്ക് അഭയാർത്ഥികളെ പോലെ കഴിയുകയാണിപ്പോൾ. ഒരു മേശയ്ക്ക് ചുറ്റും മൂന്ന് കസേരയിട്ടാണ് പ്രവർത്തനം. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സേവനം നൽകേണ്ട ഓഫീസിനാണ് ദുരവസ്ഥ.
സിവിൽ സ്റ്റേഷൻ മന്ദിരത്തിൽ ഇടം ലഭിക്കാനായി ഇതുവരെ നടന്ന ശ്രമങ്ങളൊന്നും വിജയിച്ചില്ല. വകുപ്പ് പലവട്ടം കത്തു നൽകിയെങ്കിലും ഇടമില്ലെന്നാണ് നിലപാട്.
നാല് മേഖലാ ഓഫീസുകളാണ് പിന്നാക്ക വികസന വകുപ്പിനുള്ളത്. എറണാകുളം, കോഴിക്കോട് ഓഫീസുകൾ 2014ൽ തുറന്നു. കൊല്ലത്തും പാലക്കാട്ടും ഓഫീസുകൾ തുടങ്ങാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതാണ്. കഴിഞ്ഞ മാസം കൊല്ലത്ത് ഓഫീസ് തുറന്നു. പാലക്കാട്ടേക്ക് സ്റ്റാഫിനെ നിയോഗിച്ചെങ്കിലും സ്ഥലം ലഭ്യമായില്ല. സെപ്തംബറിൽ ഡെപ്യൂട്ടി ഡയറക്ടറെയും നിയമിച്ചു.
പാലക്കാട് നിന്ന് 24 കിലോമീറ്റർ അകലെയുള്ള ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ ഓഫീസ് സൗകര്യം അനുവദിച്ച് ജില്ലാ കളക്ടർ മൂന്ന് മാസം മുമ്പ് ഉത്തരവിറക്കിയെങ്കിലും വകുപ്പ് അത് സ്വീകരിച്ചില്ല. പാലക്കാട് തന്നെ വേണമെന്നാണ് ആവശ്യം. സർക്കാർ ശക്തമായി ഇടപെട്ടാൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ സ്ഥലം ലഭിക്കും. ഇല്ലെങ്കിൽ ആലത്തൂരിൽ തത്കാലം പ്രവർത്തനം ആരംഭിച്ചാലും മതി. രണ്ടും ചെയ്യാതെ ഗുണഭോക്താക്കളെ വലയ്ക്കുകയാണ് വകുപ്പ്.
പാലക്കാട് സിവിൽ സ്റ്റേഷനിൽ തന്നെ വകുപ്പിന് സ്ഥലം ലഭ്യമാക്കാൻ ശ്രമിക്കുകയാണ്. കളക്ടർ ഉടൻ അനുമതി നൽകുമെന്നാണ് പ്രതീക്ഷ.
- എൻ.ദേവിദാസ്
ഡയറക്ടർ,
പിന്നാക്കവിഭാഗ വികസന വകുപ്പ്