കൊച്ചി: ജല അതോറിട്ടിയുടെ മദ്ധ്യമേഖലാ ഓഫീസിന് മുകളിലേക്ക് മറിഞ്ഞുവീണ മഹാരാജാസ് കോളേജിലെ കൂറ്റൻ മരം ലേലം ചെയ്യാതെ കടത്തിയതായി പരാതി. ഇന്നലെ മരംകയറ്റിയ മിനി ലോറി എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞിട്ടതോടെയാണ് വിവരം പുറത്തായത്. കടപുഴകിയ മരത്തോടൊപ്പം മറ്ര് മരങ്ങൾ കൂടി മുറിച്ചു കടത്തിയതായും ആക്ഷേപമുണ്ട്.

മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഫോണിലൂടെ പൊലീസിൽ പരാതി അറിയിച്ചു. കോളേജ് ലൈബ്രറി കോംപ്ലക്‌സിന്റെ ഭാഗത്തുള്ള ഗേറ്റിലൂടെയാണ് മരം കടത്താൻ ശ്രമിച്ചത്.

ഇന്ന് ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഒരുക്കങ്ങൾക്കായി കോളേജിലെത്തിയപ്പോഴാണ് സംഭവം വിദ്യാ‌ർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടത്. രേഖകൾ ആവശ്യപ്പെട്ടെങ്കിലും കൈയിലില്ലെന്ന് ഡ്രൈവർ അറിയിച്ചതോടെ മിനി ലോറി തടഞ്ഞിട്ടു. കാക്കനാട് സ്വദേശിയാണ് മരം കടത്തിയതെന്നാണ് വിവരം.

അമ്പതു വർഷത്തിന് മേൽ പ്രായമുള്ള മരം തങ്ങളുടെ ഓഫീസിന് ഭീഷണിയാണെന്നും ഉടൻ മുറിച്ചുമാറ്റണമെന്നും ജലഅതോറിട്ടി മഹാജാസ് കോളേജിനെ നേരത്തെ അറിയിച്ചിരുന്നു. രണ്ട് മാസം മുമ്പ് ഇത് കടപുഴകി വീണു. പിന്നീട് ജലഅതോറിട്ടി പണം മുടക്കി മരം മുറിച്ച് കോളേജ് കോമ്പൗണ്ടിൽ തന്നെയിട്ടു.

മരംമുറി നടപടിക്രമം

 വിവരം സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റിനെ അറിയിക്കണം

 വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് വില നിർണയിക്കും

 സ്ഥാപന മേധാവിയാണ് ലേലം നടപടി തീരുമാനിക്കുന്നത്

ലേലം നടന്നിട്ടില്ല.ഫോണിലൂടെ പൊലീസിനെ അറിയിച്ചിട്ടുണ്ട്. രേഖാമൂലം പരാതി ഉടൻ നൽകും

- ഡോ.മാത്യു ജോ‌ർജ്

പ്രിൻസിപ്പൽ

മഹാരാജാസ് കോളേജ്

യാതൊരു രേഖയുമില്ലാതെയാണ് മരം കടത്താൻ ശ്രമിച്ചത്. പരിശോധിച്ച ശേഷം പരാതി നൽകും

അഖിൽ പുഷ്പൻ

യൂണിറ്റ് സെക്രട്ടറി

എസ്.എഫ്.ഐ മഹാരാജാസ്

കോളേജിലെ അപകട ഭീഷണിയുയർത്തുന്ന ഏതാനും മരങ്ങൾ മുറിക്കാൻ 2018-19ൽ അനുമതി നൽകിയിട്ടുണ്ട്. ലേലം നടത്തേണ്ടത് സ്ഥാപന മേധാവിമാരാണ്.

സോഷ്യൽ ഫോറസ്ട്രി,

വനംവകുപ്പ്

എറണാകുളം