• കേസ് ഇല്ലാതാക്കാൻ ഉൗർജിത ശ്രമം
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ കർണാടക ചിക്കമംഗലൂർ വിപണന കേന്ദ്രത്തിൽ നടന്ന കോടികളുടെ തിരിമറി പുറത്തു വന്നതിനു പിന്നാലെ, മൈസൂരിലും സമാന രീതിയിലുള്ള തട്ടിപ്പു കണ്ടെത്തി.
മൈസൂർ വിപണന കേന്ദ്രത്തിൽ 25 ടൺ ഫാക്ടംഫോസ്, 15 ടൺ അമോണിയം സൾഫേറ്റ്, 6 ടൺ ഫാക്ട് ഓർഗാനിക് എന്നിവയാണ് തിരിമറി നടത്തിയത്. ഇതിന്റെ വിലയായി ഫാക്ടിന് ലഭിക്കേണ്ടത് 9 ലക്ഷം രൂപയാണ്. ഈ പണം അടപ്പിച്ച് കേസ് ഒതുക്കിതീർത്ത് കുറ്റക്കാരനായ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ഉൗർജിത ശ്രമം നടക്കുന്നു.
2010ൽ ഹസനിൽ മൂന്നു പേർ ചേർന്ന് 186 ടൺ ഫാക്ടം ഫോസ് തിരിമറി നടത്തിയ കേസിൽ പിടിക്കപ്പെട്ടെങ്കിലും പണം തിരിച്ചടച്ച് നടപടികളിൽ നിന്ന് രക്ഷപ്പെട്ട ഉദ്യോഗസ്ഥനാണ് മൈസൂരിലെ തട്ടിപ്പിന് പിന്നിൽ. ഇയാളെ ഫാക്ടിന്റെ പൊല്യൂഷൻ കൺട്രോൾ വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയെങ്കിലും ചാർജെടുത്തിട്ടില്ല.
ചിക്കമംഗലൂരിലെ തിരിമറിയിൽ നഷ്ടം മൂന്നു കോടിയിലേറെ രൂപയാണ്. ഏകദേശം 640 ടൺ ഫാക്ടംഫോസ് കാണാനില്ല. സെയിൽസ് ഓഫീസർ ഗിരിധർ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്തു.
ചിക്കമംഗലൂരിൽ അന്വേഷണത്തിനു പോയ ഉദ്യോഗസ്ഥർ ഏലൂരിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഫാക്ടിന്റെ മാർക്കറ്റിംഗ് ഡിവിഷനിലെ വിപണന കേന്ദ്രങ്ങളിൽ അഴിമതി കണ്ടെത്തുന്നത് പുതുമയല്ല. പല ഡിപ്പോകളിലും ചെറുതും വലുതുമായ സംഭവങ്ങൾ പിടിക്കപ്പെടുമ്പോൾ പണം തിരിച്ചടച്ച് രക്ഷപ്പെടുകയോ രക്ഷപ്പെടുത്തുകയോ ആണ് പതിവ്.
2004ൽ കൂത്തുപറമ്പ് ഡിപ്പോയിൽ അഴിമതി നടത്തിയ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. കേന്ദ്ര ഏജൻസികൾ കേസ് ഏറ്റെടുത്തതിനെ തുടർന്ന് ഇവർ ശിക്ഷിക്കപ്പെട്ട് ജയിലിലാവുകയും ചെയ്തു. കോയമ്പത്തൂരിൽ 5 ലക്ഷം രൂപയുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തിരുന്നു. സ്റ്റോക്ക് പരിശോധന നടത്താത്തതും വിജിലൻസ് സജീവമല്ലാത്തതുമാണ് തട്ടിപ്പുകൾ ആവർത്തിക്കാൻ കാരണം.