peace-

കൊച്ചി: കളക്ടറുടെ കൈയിൽ മുറുകെ പിടിച്ച് വീൽചെയറിലിരുന്ന് പുറത്തെ കാഴ്ച്ചകൾ കാണുന്ന ഷൈമോൾ, മെട്രോയുടെ ചില്ലു ജാലകത്തിനു പുറത്തേക്ക് ചിരിച്ചുകൊണ്ട് അകക്കണ്ണിന്റെ കാഴ്ചയിൽ സ്വപ്നങ്ങൾ നെയ്യുന്ന നാല് വയസുകാരനായ ടിപ്പു. പരസ്പരം കൈകോർത്തു പിടിച്ച് നടന്നിരുന്ന ഡൌൺ സിൻഡ്രോം ബാധിതരായ ഇരട്ട സഹോദരൻമാർ അസദും അർഷദും.
കോതമംഗലം പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച മെട്രോ യാത്രയിലെ കാഴ്ചകളായിരുന്നു ഇത്. പാട്ടും കഥയുമായി ആലുവയിൽ നിന്ന് എം.ജി. റോഡ് സ്റ്റേഷൻ വരെയായിരുന്നു യാത്ര.കൊച്ചി മെട്രോയുമായി സഹകരിച്ചായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഇവർക്ക് സൗജന്യ യാത്രയാണ് മെട്രോ ഒരുക്കിയത്. മാനസിക പ്രയാസം അനുഭവിക്കുന്നവർ, വീൽ ചെയറിൽ ജീവിക്കുന്നവർ, കിടപ്പുരോഗികൾ എന്നിവരുൾപ്പെടെ നൂറോളം പേരാണ് യാത്രയിൽ പങ്കെടുത്തത്. ജില്ലാ കളക്ടർ ജാഫർ മാലിക് യാത്രയിൽ പീസ് വാലിക്കൊപ്പം ചേർന്നു. ജീവിതം മുഴുവൻ ഒരു മുറിയിൽ ഒതുങ്ങി പോകുമായിരുന്നവർക്ക് പീസ് വാലി നൽകുന്ന അവസരങ്ങൾ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ പി.എം. അബൂബക്കർ, വൈസ് ചെയർമാൻ രാജീവ് പള്ളുരുത്തി, മെട്രോ പി.ആർ.ഒ സുമി, ഓപ്പറേഷൻസ് വിഭാഗം മേധാവി പ്രദീപ് കത്രി, പീസ് വാലി ഭാരവാഹികളായ എം.എം. ശംസുദ്ധീൻ, കെ.എ. ഷെമീർ, കെ.എച്ച്. ഹമദ് എന്നിവർ നേതൃത്വം നൽകി.