കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി ക്രൈം ബ്രാഞ്ച്. തിരുവനന്തപുരം സ്വദേശി ശില്പി സുരേഷിനെ കബളിപ്പിച്ച കേസിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
ശില്പങ്ങൾ വാങ്ങിയ വകയിൽ 70ലക്ഷം രൂപ നൽകിയില്ലെന്നാണ് പരാതി. നാല് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക.10 കോടി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ടി.വി സംസ്കാര മേധാവിയെ കബളിപ്പിച്ച കേസിൽ മോൻസന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു. വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആറ് ശില്പങ്ങളാണ് മോൻസൺ സുരേഷിൽ നിന്ന് വാങ്ങിയത്. ഒന്നരമാസത്തിനുള്ളിൽ പണം നൽകുമെന്നായിരുന്നു ഉറപ്പ്. ഏഴ് ലക്ഷം രൂപ കൈമാറിയശേഷം ബാക്കി പിന്നീട് തരാം എന്നു പറഞ്ഞ് കബളിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
റോക്കറ്റ് സാങ്കേതികവിദ്യക്ക് ഉപയോഗിക്കുന്ന ഇറിഡിയം തന്റെ കൈയിലുണ്ടെന്ന് ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞന്റെ പേരിൽ മോൻസൺ വ്യാജരേഖ നിർമ്മിച്ചതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ പരാതിയിൽ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. വില്പനക്ക് തയാറാക്കിയ ഇറിഡിയവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ മോൻസണെതിരായ കേസുകളുടെ എണ്ണം ഏഴായി. മോൻസണെതിരെ വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ എടുത്തേക്കാമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന വിവരം.
കഴിഞ്ഞ ദിവസം മോൻസന്റെ ബന്ധു തുറവൂർ സ്വദേശി കോട്ടപ്പള്ളി ബിജുമോൻ കുത്തിയതോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒന്നരലക്ഷം രൂപ കടംവാങ്ങിയത് തിരികെ നൽകിയില്ലെന്നാണ് പരാതി. പണം ചോദിച്ചപ്പോൾ ഒരു ആഡംബര കാർ നൽകി. ഇതിന് രേഖകളില്ലാത്തതിനാൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല. പുരാവസ്തു തട്ടിപ്പിൽ ഐ.ജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് തെളിവെടുപ്പ് തുടരുകയാണ്.