കോലഞ്ചേരി: പാടശേഖരങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതുമൂലം കൃഷിചെയ്യാൻ കഴിയാതിരുന്നിടത്ത് ട്വന്റി 20 തോടുകൾ വൃത്തിയാക്കി. ഐക്കരനാട്, മഴുവന്നൂർ ഗ്രാമപ്പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന എഴിപ്രം, ഞെരിയാംകുഴി, കട്ടച്ചിറ, പെരുവംമുഴി വലിയതോട് എന്നിവിടങ്ങളിലാണ് പോളയുംപായലും മണ്ണും അടിഞ്ഞ് കൂടിയിരുന്നത്. ഇതുമൂലം എഴിപ്രം, മാങ്ങാട്ടൂർ, കടയ്ക്കനാട്, കടമറ്റം പാടശേഖരങ്ങളിൽ വെള്ളക്കെട്ട് പതിവായതിനാൽ കൃഷിചെയ്യാൻ കഴിയാതായിരുന്നു. ഈ സാഹചര്യത്തിലാണ് ട്വന്റി 20-യുടെ നേതൃത്വത്തിൽ തോടുകൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുകൊണ്ടുള്ള വൃത്തിയാക്കൽ എഴിപ്രം തോട്ടിൽ തുടങ്ങി. ഒരുമാസം നീണ്ടുനിൽക്കുന്ന തോട് വൃത്തിയാക്കൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഉമാമഹേശ്വരി ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജുവും ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കും മറ്റ് പഞ്ചായത്ത് അംഗങ്ങളും നേതൃത്വം നൽകി.