sharon

കൊച്ചി: ഒരുമാസത്തിനിടെ രണ്ട് കേസ്. അറസ്റ്റിലായത് ആറ് യുവതികൾ ! എല്ലാവരും അഭ്യസ്തവിദ്യർ. ചി​ലർ ഉന്നത പദവിയി​ൽ ജോലിചെയ്യുന്നവർ. മയക്കുമരുന്നു വലയി​ൽ വീഴുന്ന യുവതി​കളുടെ എണ്ണം അസാധാരണമായ വി​ധം വർദ്ധി​ക്കുകയാണ് കൊച്ചി​യി​ൽ.

ആറ് മാസത്തെ കണക്കെടുത്താൽ കേസുകളി​ൽപ്പെട്ട യുവതികളുടെ എണ്ണം അമ്പതോളം വരും. സംസ്ഥാനത്ത് ലഹരിക്കടത്ത് വർദ്ധിക്കുമ്പോൾ, അതിനോരം പറ്റി മയക്കുമരുന്ന് സംഘത്തിന്റെ മായാവലയത്തിൽ വീഴുകയാണ് യുവതി​കളും.

കാക്കനാട് എം.ഡി.എം.എ കേസിൽ അറസ്റ്റിലായ ത്വയ്യിബ ഔലാദിനെ ജോലി വാഗ്ദാനം നൽകിയാണ് സുഹൃത്ത് കൊച്ചിയിൽ എത്തിച്ചത്. പിന്നീട് കാരിയറാക്കുകയായിരുന്നു. കേസിൽ ആദ്യം ഇവരെ ഒഴിവാക്കിയെങ്കിലും, വിശദമായ അന്വേഷണത്തിൽ ത്വയ്യിബക്കും ലഹരിക്കടത്തിൽ പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മോഹന വാഗ്ദാനങ്ങൾ നൽകിയാണ് യുവതികളെ ലഹരി സംഘങ്ങൾ കെണിയിൽ വീഴ്ത്തുന്നത്.

 ലഹരിക്കടത്തിന്

യുവതികൾ മറ
ഒന്നാം ലോക്ക്ഡൗണിന് ശേഷമാണ് സ്ത്രീകളെ വലിയ തോതിൽ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചു തുടങ്ങി​യതെന്ന് എക്സൈസ് പറയുന്നു. ദമ്പതി​കളെന്ന വ്യാജേന മുറിയെടുത്ത് മയക്കുമരുന്ന് വില്പനയും ഉപയോഗവും സിംപി​ളായി​ നടത്താം.

പ്രായപൂ‌ർത്തിയായാൽ പിന്നെ ഹോട്ടലുകളിൽ റെയ്ഡിനും മറ്റും പൊലീസ് എത്തില്ലെന്നതാണ് സ്ത്രീകളെ കൂടുതൽ ഇറക്കാൻ കാരണം. കോടികൾ വിലയുള്ള സിന്തറ്റിക്ക് ഡ്രഗാണ് ഒരു വർഷത്തിനിടെ കേരളത്തിൽ നിന്ന് മാത്രം പിടികൂടിയത്. ഇതിൽ ഭൂരിഭാഗം കേസുകളിലും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. സ്ത്രീകളുമായി യാത്ര ചെയ്യുമ്പോൾ അത്ര പെട്ടെന്ന് പൊലീസ് പിടികൂടാനുള്ള സാദ്ധ്യതയില്ലാത്തതും പ്രയോജനപ്പെടുത്തുന്നു.

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലാക്കിയാണ് പലരേയും കെണി​യി​ലാക്കുന്നത്. വയനാട്ടിൽ ടെക്കി യുവതി ഉൾപ്പെടെയുള്ളവരാണ് എം.ഡി.എം.എ. കടത്തുന്നതിനിടെ പിടിയിലായത്. കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന ബ്യൂട്ടീഷനായ യുവതിയും യുവാവും കോഴിക്കോട് പൊലീസി​ന്റെ പി​ടി​യി​ലായി​രുന്നു.

 കുടുക്കുന്ന കൂട്ടുകെട്ട്
10,000 രൂപ കൈയിലേക്ക് തരാം. നീ എന്റെ സുഹൃത്തിന് പണം അയച്ചു കൊടുക്കാമോ. അടുത്ത കൂട്ടുകാരനല്ലേ, രാഹുൽ ( യഥാ‌ർത്ഥ പേരല്ല )പറഞ്ഞതുപോലെ ചെയ്തു. പണം കൈമാറ്റം പതിവായി. അത്യാവശ്യത്തിന് പണം നൽകി സഹായിക്കുന്നതിനാൽ എന്തിനാണെന്ന് പോലും ചോദിച്ചിരുന്നില്ല. ഇതിനിടെ ട്രാൻസാക്ഷനായി എ.ടി.എം കാ‌ർഡ് കൂടി കൂട്ടുകാരൻ വാങ്ങി. അടിച്ചുപൊളിക്കാനും യാത്രപോകാനും പണം വീശിയെറിയുന്ന സുഹൃത്തിന്റെ ചതി രാഹുൽ തിരിച്ചറിയുന്നത് ലഹരിക്കേസുകളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴാണ്. സുഹൃത്തിന്റെ ആവശ്യപ്രകാരം പണം ട്രാൻസ്ഫർ ചെയ്തതെല്ലാം ലഹരി ഇടപാടി​നാണ്. കുടുങ്ങാതി​രി​ക്കാൻ വേണ്ടി​യാണ് ഇടനിലക്കാരായ കൂട്ടുകാരൻ ഈവിധം നമ്പറുകളിറക്കിയത്. അടുത്തിടെ കൊച്ചിയിൽ പിടികൂടിയ എം.ഡി.എം.എ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരിൽ പലരും ഇത്തരം കെണി​കളി​ൽപ്പെട്ടവരാണ്.

 ഷാരോൺ ചിക്ക്വവാസ:

ലക്ഷത്തിൽ ഒരുവൾ
ത്വയ്യിബയെ പോലെ നിർദ്ധന കുടുംബമായിരുന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20 കോടിയുടെ ഹെറോയിനുമായി പിടിയിലായ സിംബാബ്‌വേക്കാരി​യായ ഷാരോൺ ചിക്ക്വാസയുടേത്. സുഹൃത്തുക്കൾ വഴിയാണ് ആഫ്രിക്കൻ ലഹരി സംഘത്തിൽപ്പെട്ടത്. ദോഹയിൽ നിന്ന് ഖത്തർ എയർവേസ് വിമാനത്തിൽ കൊച്ചിയിൽ എത്തിയ ചിക്ക്‌വാസ, ബംഗളൂരു വഴി ന്യൂഡൽഹിയിലേക്കു പോകാൻ ശ്രമിക്കുമ്പോഴാണു പിടിക്കപ്പെട്ടത്. മുംബയി​ൽ ജയിലിൽ കഴിയുന്ന ചിക്ക്വാസയെ പോലെ ആഫ്രിക്കൻ ലഹരി സംഘത്തിന്റെ കൈയിൽ അസംഖ്യം സ്ത്രീകളുണ്ടെന്നാണ് എൻ.സി.ബി പറയുന്നത്.