bucket-
പാമ്പാക്കുടയിൽ തകർന്ന റോഡിൽ മേശയിട്ട് നാട്ടുകാർ ബക്കറ്റ് പിരിവ് നടത്തുന്നു

പിറവം: പാമ്പാക്കുടയിൽ റോഡ് തകർന്ന ഭാഗത്ത് മേശയിട്ട് ബക്കറ്റ് പിരിവുമായി നാട്ടുകാർ പ്രതിഷേധിച്ചു. അധികാരികളുടെ ഭാഗത്തുനിന്ന് റോഡ് നന്നാക്കാനുള്ള ശ്രമമുണ്ടാകാത്തതിനാലാണ് വ്യത്യസ്തമായ പ്രതിഷേധവുമായി സമീപത്തെ വ്യാപാരികളുൾപ്പെടെ രംഗത്തുവന്നത്. പിരിഞ്ഞുകിട്ടുന്ന പണമുപയോഗിച്ച് ഈ ഭാഗം സഞ്ചാരയോഗ്യമാക്കാനാണ് തീരുമാനം. പ്രധാന കുടിവെള്ളപൈപ്പ് പൊട്ടിയാണ് ഇവിടം അപകടാവസ്ഥയിലായിരിക്കുന്നത്.

മൂവാറ്റുപുഴ - പിറവം റോഡിൽ വിവിധ ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയാണ്. നിരവധി അപകടങ്ങളും മരണങ്ങളും പതിവായിട്ടും ഈ റോഡിലെ കുഴികളടക്കാനും ഇരുവശങ്ങളിലെ കാട് വെട്ടിത്തെളിച്ച് കാൽനടക്കാർക്ക് സുരക്ഷയൊരുക്കാനും നടപടി ഉണ്ടായിട്ടില്ല. മഴപെയ്താൽ റോഡ് തോടാകുന്ന സ്ഥിതിയാണ്. അഞ്ചൽപ്പെട്ടിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.

 റോഡിന്റെ സംരക്ഷണഭിത്തിക്കും വിള്ളൽ

തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി റോഡരികുകൾ കാടുവെട്ടിത്തെളിച്ച് ഓടകൾ വൃത്തിയാക്കണമെന്നാണ് ആവശ്യം.

പാപ്പുക്കവലയിൽ കള്ള് ഷാപ്പിനോട് ചേർന്ന് വീതി കുറഞ്ഞ ഭാഗത്ത്‌ റോഡിന്റെ സംരക്ഷണഭിത്തി വിള്ളൽവീണ് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. നിരവധി ബസുകളും ടോറസ് ലോറികളും കടന്നുപോകുന്ന റോഡാണിത്. സൈഡ് കൊടുക്കുന്ന വാഹനങ്ങൾ ഏത് സമയത്തും അപകടത്തിൽഅുടാവുന്ന സ്ഥിതിയാണ്. നാട്ടുകാർ താത്കാലിക അറിയിപ്പായി ഇവിടെ പുല്ലുചെത്തി കമ്പ് കുത്തിയിരിക്കുകയാണ്. ഗുരുതരമായ അപകടത്തിനു ശേഷമേ ഉദ്യോഗസ്ഥരുടെ കണ്ണ് തുറക്കുകയുള്ളുവെന്നാണ് ആക്ഷേപം.

നൂറുകണക്കിന് വിദ്യാർത്ഥികൾ ഇതുവഴി കാൽനടയായും സൈക്കിളിലും സഞ്ചരിക്കുന്നുണ്ട്. കാൽനടക്കാർക്ക് പോലും വാഹനങ്ങൾ വരുമ്പോൾ മാറിനിൽക്കാൻ പറ്റാത്തവിധം ഇരുവശവും കാടുകയറിയ അവസ്ഥയാണ്.