n
നിർമ്മാണം പൂർത്തിയാകുന്ന ക്ലാസിക് ഇംപീരിയൽ കപ്പലിന് മുന്നിൽ നിഷിജിത്ത്

കൊച്ചി: കൊച്ചി കപ്പൽശാലയ്ക്ക് പുറത്ത് സ്വന്തം നിലയിൽ പത്തു കോടിയിലേറെ വിലയുള്ള ഉല്ലാസകപ്പൽ നിർമ്മിച്ച് ടൂറിസം വ്യവസായത്തിൽ പടവുകൾ കയറാനൊരുങ്ങുകയാണ് നിഷ്ജിത്ത്. വിദദ്ധ തൊഴിലാളികൾ പണിത, ആധുനിക സൗകര്യങ്ങളെല്ലാമുള്ള 'ക്ളാസിക് ഇമ്പീരിയൽ" ഈ ക്രിസ്മസിന് നീരണിം. അതോടേ കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസ നൗകയുടെ ഉടമയാവും ഈ നാല്പത്തിയാറുകാരൻ.

വാച്ചു കമ്പനിയുടെ റെപ്രസെന്റേറ്റീവിൽ നിന്ന് കപ്പൽ ഉടമയിലേക്കുള്ള വളർച്ചയ്ക്ക് പിന്നിൽ നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും,പിന്നെ സുഹൃത്തുക്കളുടെ കൈയയച്ചുള്ള സഹായവും. വല്ലാർപാടത്തെ രാമൻതുരുത്തിൽ പോർട്ട് ട്രസ്റ്റിന്റെ സ്ഥലം 1,20,000രൂപയ്ക്ക് മാസവാടകയ്‌ക്കെടുത്താണ് നിർമ്മാണകേന്ദ്രം ഒരുക്കിയത്.

കൊച്ചി കായലിന് നടുവിൽ ബോൾഗാട്ടി ദ്വീപിൽ പിറന്ന നിഷ്ജിത് കെ. ജോൺ കണ്ടുവളർന്നത് കപ്പലും ബോട്ടുകളും വഞ്ചികളുമാണ്. ജീവിക്കാൻ പ്രമുഖ വാച്ച് കമ്പനിയുടെ സെയിൽസ് റെപ്രസെന്റേറ്റീവായെങ്കിലും അതുപേക്ഷിച്ച് മറൈൻ ഡ്രൈവിലെ ബോട്ടിംഗ് ടൂറിസത്തിലേക്ക് ഇറങ്ങുകയായിരുന്നു.
2002ൽ ബോട്ട് വാടകയ്‌ക്കെടുത്താണ് കായൽ ടൂറിസത്തിലേക്ക് ഇറങ്ങിയത്. നിഷ്ജിത്തും സുഹൃത്തും ബോട്ട് വിലയ്ക്ക് വാങ്ങി നവീകരിച്ച് നീറ്റിലിറക്കി. ആദിത്യ ബോട്ട് ക്രൂസ് ആൻഡ് ടൂർസ് ഓപ്പറേറ്റേഴ്‌സ് എന്നായിരുന്നു രണ്ടു ബോട്ടുള്ള ആദ്യ കമ്പനിയുടെ പേര്. പിന്നീട് സ്വന്തമായി രൂപം നൽകിയ നയോ ക്ലാസിക് ക്രൂസ് ആൻഡ് ടൂർസ് നാല് ബോട്ടുകൾ നിർമ്മിച്ചു. നാടൻ പണിക്കാരായിരുന്നു എൻജിനിയർമാർ.

അത് 16 വർഷം മുമ്പത്തെ കഥ. രണ്ടുവർഷം മുമ്പ് കപ്പൽ നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു. സുഹൃത്തുക്കളിൽ നിന്ന് കടംവാങ്ങിയും ഭാര്യയുടെ സ്വർണം പണയംവച്ചും പണം സ്വരൂപിച്ചു തുടങ്ങി.

വിദഗ്ദ്ധ തൊഴിലാളികളെ നിയോഗിച്ച് നിർമ്മാണം നടത്താൻ ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗ് (ഐ.ആർ.എസ്) അനുമതി നൽകി.30ലേറെ തൊഴിലാളികൾ രാപകൽ ജോലിക്കുണ്ട്. മേൽനോട്ടം വഹിക്കാൻ നേവൽ ആർക്കിടെക്ടുമാരുണ്ട്. എൻജിൻ ഘടിപ്പിക്കലും ഇന്റീരിയർ ജോലികളും മാത്രമാണ് ബാക്കി. ജെൻസി ഫിലിപ്പാണ് ഭാര്യ.മക്കൾ: നീരജ്, നിജിൽ


ഉല്ലാസത്തിന്
ഡി.ജെ
മ്യൂസിക് ബാൻഡ്
ഡാൻസ്
കലാരൂപങ്ങൾ
ഭക്ഷണശാല
ഫീഡിംഗ് റൂം

150:യാത്രക്കാർ

1,200 രൂപ: ഒരാൾക്ക്

3 മണിക്കൂർ:സമയം

750രൂപ:സൺസെറ്റ് ക്രൂസ് (രണ്ടര മണിക്കൂർ)

റൂട്ട്:
മറൈൻ ഡ്രൈവ്- പുറംകടൽ

ഇരുനില കപ്പൽ

എ.സി ഹാൾ

50 മീറ്റർ: നീളം
11 മീറ്റർ: വീതി
10 മീറ്റർ:ഉയരം

"ടൂറിസം വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ആഗ്രഹം. സാധാരണക്കാരായ ടൂറിസ്റ്റുകളെയാണ് പ്രതീക്ഷിക്കുന്നത്."
- നിഷ്ജിത്‌