കൊച്ചി: നഗരസഭയുടെ താക്കീതിന് പുല്ലുവില കൽപ്പിച്ച് പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം വർദ്ധിക്കുന്നു. ആര് എന്ത് പറഞ്ഞാലും നിയമം എത്ര ശക്തമാക്കിയാലും ഞങ്ങൾ ഇങ്ങനെയൊക്കെയേ പ്രവർത്തിക്കു എന്ന ചിലരുടെ പിടിവാശിയാണ് ഇതിനുകാരണം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുപിൻഭാഗത്തെ പി.ആന്റ് ഡി. കോളനിയിൽ ജി.സി.ഡി.എ വക സ്ഥലത്തും സലിംരാജൻ പാലത്തിന്റെയും പുല്ലേപ്പടി പാലത്തിന്റെയും അടിഭാഗങ്ങളിലും തുടങ്ങി നഗരത്തിലെ പത്തിലേറെ കേന്ദ്രങ്ങളിൽ വൻതോതിൽ മാലിന്യ നിക്ഷേപമുണ്ട്.
കോർപ്പറേഷൻ പരിധിയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം മാലിന്യപ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് പരമാവധി ശ്രമങ്ങൾ നടക്കുമ്പോഴാണ് ആരെയും വകവയ്ക്കാതെ കുറച്ചുപേർ മനപൂർവം വെല്ലുവിളി ഉയർത്തുന്നത്.
മാലിന്യം ശേഖരിക്കാൻ സംവിധാനം
നഗരത്തിന്റെ ഏത് ഭാഗത്തും വീടുകൾ തോറും നേരിട്ടെത്തി മാലിന്യം ശേഖരിക്കാൻ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. പ്രതിമാസം 100 - 200 രൂപവരെ ഫീസ് നൽകിയാൽ ദിവസവും വീട്ടിൽവന്ന് മാലിന്യം എടുത്തുകൊണ്ടുപോകും. ഇങ്ങനെ പണം മുടക്കാൻ തയ്യാറില്ലാത്തവരാണ് പൊതുസമൂഹത്തിനാകെ ഭീഷണിയായി മാറിയിരിക്കുന്നത്. പി.ആന്റ് ഡി കോളനിയിൽ പകൽ സമയത്തുപോലും വാഹനത്തിലെത്തുന്നവർ യാതൊരു കൂസലുമില്ലാതെ പ്ലാസ്റ്റിക് കവറുകളിലും ചാക്കിലും കെട്ടിയ മാലിന്യം നിക്ഷേപിക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു.
നടപടി സ്വീകരിക്കാൻ സ്പെഷ്യൽ സ്ക്വാഡ്
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിസ്വീകരിക്കാൻ നഗരസഭയുടെ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് വ്യാപകമാവുകയും അത് തടയാൻ ശ്രമിക്കുന്ന കൗൺസിലർമാരെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് പ്രത്യേകസ്ക്വാഡിനെ നിയോഗിച്ചത്. ഒരു എച്ച്.ഐ, മൂന്ന് ജെ.എച്ച്.ഐ, ഒരു കണ്ടിജൻട് ജീവനക്കാരൻ എന്നിവർ അടങ്ങിയ സ്‌ക്വാഡാണ് മൂന്ന് ടീമുകളായി നൈറ്റ് പട്രോളിംഗ് നടത്തുന്നത്. മട്ടാഞ്ചേരി, ഇടപ്പള്ളി, കൊച്ചി സോണുകളിലായാണ് സംഘം പ്രവർത്തിക്കുന്നത്.
ഓൺ ദി സ്പോട്ടിൽ ശിക്ഷ
മാലിന്യം തള്ളുന്നവരെ പിടികൂടിയാൽ 'ഓൺ ദി സ്പോട്ടിൽ' പിഴയീടാക്കാനും സ്ക്വാഡിന് അധികാരമുണ്ട്. അതിനുപുറമെ മാലിന്യം തള്ളുന്നവരെ നിയമ നടപടികൾക്ക് വിധേയമാക്കാൻ പ്രത്യേക പ്രോസിക്യൂഷൻ സെല്ലം പ്രവർത്തിക്കുന്നുണ്ട്. പിഴ നൽകാത്തവരുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കാനാണ് പ്രോസിക്യൂഷൻ സെൽ.