പറവൂർ: നബാർഡിന്റെ ധനസഹായത്തോടെ പറവൂർ നിയോജകമണ്ഡലത്തിലെ പതിനഞ്ച് പ്രധാനപ്പെട്ട റോഡുകൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുവാൻ പത്തുകോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഏഴ് വർഷ ഗാരണ്ടിയോടെയുള്ള ബി.എം.ബി.സി ടാറിംഗ് റോഡുകളാണിവ. പറവൂർ നഗരത്തിലെ പുല്ലംകുളം കവലയിൽ നിന്നാരംഭിക്കുന്ന പടമടം റോഡ്, പെരുവാരം വടക്കേനട റോഡ്,പെരുവാരം ഹോമിയോ ആശുപത്രി മുതൽ കിഴക്കേപ്രം സ്‌കൂൾ വരെയുള്ള പെരുവാരം കിഴക്കേപ്പുറം റോഡ്, കിഴക്കേപ്പുറം സ്‌കൂൾ മുതൽ വലിയകുളം വരെയുള്ള റോഡ്, ദേശീയപാത പൂശാരിപ്പടി മുതൽ കിഴക്കേപ്പുറം വരെയുള്ള റോഡ്, കിഴക്കേപ്പുറം സ്‌കൂൾ മുതൽ ലിറ്റിൽ ഹർട്ട് സ്‌കൂൾ വഴി കാർത്തിക വിലാസം വരെയുള്ള റോഡ്, കാർത്തികവിലാസം റോഡ്, താമരക്കുളം റോഡ്, പുല്ലംകുളം അംബേദ്‌കർ പാർക്ക് മുതൽ സ്റ്റേഡിയം വഴി ദേശീയപാതയിൽ ചേരുന്ന സ്റ്റേഡിയം റോഡ്, തെക്കേനാലുവഴിയിൽ നിന്നാരംഭിച്ച് ആയുർവേദ ആശുപത്രിവഴി അത്താണി കവലക്ക് കിഴക്കുവശം ചേരുന്ന ആയുർവേദ ആശുപത്രി റോഡ്, സർവീസ് സ്റ്റേഷൻ റോഡ്, ഏഴിക്കര ഗ്രാമപഞ്ചായത്തിലെ കല്ലുച്ചിറ റോഡ്, മണ്ണുചിറ റോഡ്, ചിതുക്കുളം റോഡ് എന്നീ റോഡുകൾക്കാണ് പ്രോജക്ട് നൽകിയിട്ടുള്ളത്.
നിർമ്മാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി പൂർത്തിയായശേഷം ആദ്യ മൂന്നുവർഷം കരാറുകാരന്റെ ഗാരണ്ടി കാലാവധിയിലും തുടർന്നുള്ള നാലുവർഷം അറ്റകുറ്റപ്പണികൾക്കുള്ള തുക കൊടുത്തുകൊണ്ടുള്ള മെയിന്റനൻസ് ഗ്യാരന്റിയും കൂടി ഉൾപ്പെടുത്തി കൊണ്ടാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭരണാനുമതി ലഭിച്ചാൽ സാങ്കേതികാനുമതിയും എത്രയുംവേഗം നേടിയെടുത്ത് ടെൻഡർ നടപടികളും പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.