കൊച്ചി: കൊവിഡ് രണ്ടാം തരംഗം എത്തിയതോടെ അടച്ചിടേണ്ടി വന്ന സുഭാഷ് പാർക്ക് ഇന്ന് വൈകിട്ട് മൂന്നു മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. പഴയതിലും പ്രൗഢിയോടെ പൊതുജനങ്ങളെ വരവേൽക്കാനാണ് സുഭാഷ് പാർക്ക് ഒരുങ്ങിയിരിക്കുന്നത്. രണ്ടാം തരംഗത്തിന് മുൻപ് ശലഭ പാർക്കും ഔഷധോദ്യാനവും എല്ലാമായി മുഖം മിനുക്കിയ പാർക്ക് നടൻ മമ്മൂട്ടിയായിരുന്നു പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. ഇപ്പോൾ പുതിയ ശില്പങ്ങളുടെയും പ്രകൃതി വ്യാഖ്യാന കേന്ദ്രത്തിന്റെയും നിർമ്മാണം നടക്കുകയാണ്. പാർക്കിൽ സ്ഥാപിക്കാനുള്ള വലിയ ചാരുകസേരയും തയ്യാറായി വരുന്നു. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യ ഘട്ടത്തിൽ രണ്ട് പ്രധാന ഗേറ്റുകൾ മാത്രമാണ് തുറക്കുന്നത്. ബുധനാഴ്ച മുതൽ പ്രഭാത സവാരിക്കാർക്കു വേണ്ടി രാവിലെ ആറു മുതൽ എട്ടു വരെയും, വൈകിട്ട് മൂന്നു മുതൽ രാത്രി എട്ടു വരെയും തുറന്ന് പ്രവർത്തിക്കും. അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി എട്ടു വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം. കൊവിഡ് സാഹചര്യങ്ങൾ മാറി വരുന്ന മുറയ്ക്ക് സമയം പുന:ക്രമീകരിക്കും.