bjp

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലെ വളം അഴിമതി അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി.ഏലൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി.വി. പ്രകാശൻ കേന്ദ്ര രാസവസ്തു രാസവളം വകുപ്പ് മന്ത്രി ഭഗവത് ഖൂബയെ നേരിൽ കണ്ട് കത്ത് നൽകി. ഫാക്ടിലെ സന്ദർശനത്തോടനുബന്ധിച്ച് ഉദ്യോഗമണ്ഡൽ ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഹൈബി ഈഡൻ എം.പി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മദ്ധ്യമേഖല സെക്രട്ടറി എൻ.പി.ശങ്കരൻ കുട്ടി, വൈസ് പ്രസിഡന്റ് സി.ജി.രാജഗോപാൽ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ആരോപണങ്ങൾ കളവാണെന്നും അഴിമതി നടന്നിട്ടില്ലെന്നും സി.എം.ഡി.കിഷോർ റുംഗ്ത പറഞ്ഞത് വിവാദമായിരിക്കുകയാണ്. ആരോപണമുയരുമ്പോൾ അന്വേഷിച്ച് നടപടി എടുക്കുമെന്ന് പറയേണ്ടതിനു പകരം പൂർണമായും നിഷേധിച്ചത് സി.എം.ഡി.ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുള്ളതുകൊണ്ടാണെന്ന് സംശയക്കുന്നതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് വാർഡ് കൗൺസിലർ കൃഷ്ണപ്രസാദ് മന്ത്രിയോടാവശ്യപ്പെട്ടു. മന്ത്രിയുടെ ഔദ്യോഗിക സന്ദർശനം വാർഡ് കൗൺസിലറെ അറിയിക്കാതിരുന്ന മാനേജുമെന്റിനോട് കൃഷ്ണപ്രസാദ് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ബി.ജെ.പി.യുടെ ഏലൂർ നഗരസഭാ കൗൺസിലർമാരായ പി.ബി.ഗോപിനാഥ്, കെ.എൻ.അനിൽകുമാർ, എസ്.ഷാജി, ചന്ദ്രികാ രാജൻ എന്നിവരും പങ്കെടുത്തു.