പറവൂർ: ദേശീയപാതയ്ക്കായി ഭൂമിവിട്ടുകൊടുത്തവർക്കുള്ള നഷ്ടപരിഹാര തുകയിൽനിന്ന് നികുതി പിടിക്കുന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പത്തിൽ നഷ്ടപരിഹാര വിതരണം തടസപ്പെട്ടു. നഷ്ടപരിഹാര തുകയിൽനിന്ന് പത്തുശതമാനം നികുതി (ടി.ഡി.എസ്) പിടിക്കാൻ സർക്കാർ പുറത്തിറക്കിയ ഉത്തരവിലെ വ്യക്തതക്കുറവാണ് കാരണം. നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മിഷണർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. വ്യക്തമായ തീരുമാനം വന്നാലേ തുടർന്ന് നഷ്ടപരിഹാരം കൈമാറാൻ സാദ്ധ്യതയുള്ളൂ.
രണ്ടാംവട്ടം കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ സംയുക്ത സമരസമിതി നേതാക്കളും ഭൂവുടമകളും നികുതി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ ചേരാനല്ലൂർ വില്ലേജിലെ പന്ത്രണ്ട് ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു. നികുതി പിടിക്കാതെയാണ് പണം നൽകിയത്. കുറച്ചുപേർക്കുകൂടി നഷ്ടപരിഹാരം നൽകാൻ തുക അനുവദിച്ചിട്ടുണ്ടെങ്കിലും ആശയക്കുഴപ്പം കാരണം കൈമാറാൻ കഴിഞ്ഞിട്ടില്ല. നികുതിപിടിച്ച് പണംനൽകിയാൽ പിന്നീട് നികുതി ഒഴിവാക്കുന്ന തീരുമാനം വന്നാൽ ബാക്കിതുക രണ്ടാംഘട്ടമായി കൊടുക്കേണ്ടിവരും. നികുതി പിടിക്കാതെ മുഴുവൻ തുകയും കൊടുത്താൽ നിലവിലെ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭൂവുടമകളിൽനിന്ന് നികുതിതുക പിന്നീട് പിടിച്ചെടുക്കേണ്ടിവരും. ഇതിനാൽ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലാണ്. സർക്കാരിന്റെ വ്യക്തമായ നിർദേശം ലഭിച്ചതിന് ശേഷമായിരിക്കും ഇനി നഷ്ടപരിഹാരം വിതരണം.