തോപ്പുംപടി: പ്രാവ് വളർത്തുന്നവർക്കും പ്രാവിനെ സ്നേഹിക്കുന്നവർക്കും ഏറെ ആവേശം പകരുന്ന പ്രാവ് പറത്തൽ മത്സരം കൊച്ചിയിൽ വീണ്ടും അരങ്ങേറി. ഏറ്റവും കൂടുതൽ നേരം ആകാശത്ത് വട്ടമിട്ട് പറക്കുകയും ആരംഭിച്ച സ്ഥലത്തേക്ക് തിരികെയത്തെുകയും ചെയ്യുന്ന പ്രാവാണ് മത്സരത്തിൽ വിജയിക്കുന്നത്. സ്വതവേ പറക്കാൻ മടിയന്മാരായ പ്രാവുകളെ ആകാശത്ത് തുടരാൻ പ്രേരിപ്പിക്കുക എന്നതാണ് മത്സരത്തിന്റെ വെല്ലുവിളി. പറവ എന്ന സിനിമ ഇറങ്ങിയതിന് ശേഷമാണ് കൊച്ചിയിലെ പ്രാവ് വളർത്തൽ കൂടുതൽ ജനകീയമായത്.

പുതിയ റെക്കാഡിട്ടാണ് ഇത്തവണത്തെ പ്രാവ് പറത്തൽ മത്സരം സമാപിച്ചത്. 18 മണിക്കൂറും 19 മിനിറ്റുമാണ് തോപ്പുംപടി എഫ്.കെ ബ്രദേഴ്‌സിന്റെ പ്രാവ് പറന്നത്. 16 മണിക്കൂർ 38 മിനിറ്റെന്ന നിലവിലെ റെക്കാഡാണ് ഇതോടെ പഴങ്കഥയായത്.അച്ചു, ശ്രീജിത്ത്‌, ഫാരിഷ്,മനീഷ്, ജോബി, ഷമീർ, ഷെവിൻ തുടങ്ങിയവരാണ് എഫ്. കെ. ബ്രദേഴ്സിന്റെ സാരഥികൾ. കേരള പിജിയൻസ് ഫ്ലയിംഗ് ക്ലബ്‌ നടത്തിയ സംസ്ഥാനതല മത്സരത്തിലും ഫ്രണ്ട്സ് കരിവേലിപ്പടി സംഘടിപ്പിച്ച ഓപ്പൺ ടൂർണമെന്റിലും കൊച്ചിൻ ഡോവ് ഫ്ലൈയേഴ്സ് നടത്തിയ മത്സരത്തിലും തോപ്പുംപടി എഫ്. കെ ബ്രദേഴ്സ് വിജയികളായി. മൂന്നു സംഘടനകളും ഒരുമിച്ചാണ് മത്സരം സംഘടിപ്പിച്ചത്. മാസങ്ങളോളം വരുന്ന കൃത്യമായ പരിശീലനത്തിലൂടെയാണ് ഒരു പ്രാവിനെ മത്സരത്തിനായി ഒരുക്കുന്നത്. പറത്തി വിടുന്ന പ്രാവ് തിരിച്ചെത്തുന്ന സമയം കണക്കാക്കിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.