pokkali-krishi
കോട്ടുവള്ളി പഞ്ചായത്തിലെ പൊക്കാളി പാടശേഖരത്തിൽ കന്നിക്കൊയ്ത്ത് പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൈതാരം പൊക്കാളിപ്പാടത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തനത് പൊക്കാളി നെൽവിത്തിന്റെ സംരക്ഷണാർത്ഥം ഒരുക്കിയ പൊക്കാളി വിത്തുത്പാദന നഴ്സറിയിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. 2018ലെ പ്രളയം തീരദേശ ഗ്രാമങ്ങളിലെ പൊക്കാളി നെൽക്കൃഷിയെ നശിപ്പിച്ചിരുന്നു. പരമ്പരാഗതമായി പൊക്കാളിപ്പാടങ്ങളിൽ കൃഷിചെയ്ത് പോന്നിരുന്ന തനത് പൊക്കാളി നെൽവിത്ത് പ്രളയത്തിനു ശേഷം വംശനാശ ഭീക്ഷണിയുടെ വക്കിലെത്തി. തനത് പൊക്കാളി വിത്ത് വീണ്ടെടുത്ത് എല്ലാ കർഷകരിലേക്കും എത്തിച്ച് പൊക്കാളി നെല്ലിന്റെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ തനത് പൊക്കാളി നെല്ലിന്റെ സംരക്ഷണാർത്ഥം കൈതാരം പാടശേഖരത്തിലും തത്തപ്പിള്ളി പാടശേഖരത്തിലും പൊക്കാളി വിത്തുൽപ്പാദന നഴ്സറികൾ ആരംഭിച്ചത്.

കന്നിക്കൊയ്ത്ത് പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു, കൃഷി ഓഫീസർ കെ.സി. റൈഹാന, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, സെബാസ്റ്റ്യൻ തോമസ്, സുനിതാ ബാലൻ, ജെൻസി തോമസ്, ലതിനാ സലിം, സി.വി. ശാന്ത, വി. ശിവശങ്കരൻ നായർ, എൻ.എസ്. മനോജ്, സോമസുന്ദരൻ, ലാലു കൈതാരം, കെ.ജി. രാജീവ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.