ആലുവ: സഹകരണ അർബൻ ബാങ്കുകളുടെ പുരോഗതിക്ക് തടസമായ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് ഭേദഗതിക്കും നിഷ്‌ക്രിയ ആസ്തി വർദ്ധനവിന്റെ പേരിൽ അർബൻ ബാങ്കുകൾക്ക് മേൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഏർപ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളും സംസ്ഥാനത്തെ അർബൻ ബാങ്കുകളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് അർബൻ ബാങ്ക് ഫെഡറേഷൻ മധ്യമേഖല ശില്പശാല കുറ്റപ്പെടുത്തി.
സഹകരണനിയമം തികച്ചും സംസ്ഥാന വിഷയമായിരുന്നിട്ടും സംസ്ഥാനതാത്പര്യങ്ങൾക്ക് വിരുദ്ധമായി റിസർവ് ബാങ്ക് അർബൻ ബാങ്കുകളുടെ പ്രവർത്തനങ്ങളെ പിന്നോട്ടുവലിക്കുന്ന പരിഷ്‌കാരങ്ങൾക്കും നിയമങ്ങൾക്കും എതിരേ പോരാടാൻ സഹകരണമേഖല മുന്നോട്ടുവരണമെന്നും ശിൽപ്പശാല ആവശ്യപ്പെട്ടു. സംസ്ഥാന സഹകരണ അർബൻ ബാങ്ക് ഫെഡറേഷൻ സംഘടിപ്പിച്ച ശില്പശാല ആലുവ അർബൻ സഹകരണബാങ്ക് ചെയർമാൻ ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പൊന്നാനി അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സെക്രട്ടറി കെ. ജയവർമ വിഷയാവതരണം നടത്തി. ബഷീർ കൂട്ടായി, റിസർവ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്മാരായ സത്യനാഥൻ, ഗോപകുമാർ, ആലുവ അർബൻ ബാങ്ക് സി.ഇ.ഒ. ജോസ് സെബാസ്റ്റ്യൻ ചിറ്റിലപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
അഞ്ച് ജില്ലകളിലെ ചെയർമാൻമാർ, വൈസ് ചെയർമാൻമാർ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.