ആലുവ: ശതാബ്ദി നിറവിൽ നിൽക്കുന്ന ആലുവ നഗരസഭയിൽ അധികൃതരുടെ അനാസ്ഥയുടെ നേർക്കഴ്ച്ചയാണ് മുനിസിപ്പൽ പാർക്ക്. കുട്ടികളുടെ കളിക്കോപ്പുകളെല്ലാം തുരുമ്പെടുത്ത് നശിച്ചതിനെ തുടർന്നും കാടുകയറി ഇഴജന്തുക്കളുടെ താവളമായതിനാലും പാർക്കിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചിട്ട് വർഷങ്ങളായി.
ഒരു വശം മനോഹരമായ പെരിയാറിന്റെ തീരം. മറുവശമാണെങ്കിൽ നഗരഹൃദയമായ ബാങ്ക് കവല. ആളുകൾക്ക് വന്നുപോകുന്നതിന് ഏറെസൗകര്യപ്രദമായ സ്ഥലം. എന്നിട്ടും സംരക്ഷിക്കാൻ ആളില്ലാതെ വന്നതോടെ പാർക്ക് നശിക്കുകയായിരുന്നു. ആലുവ മേഖലയിലെ ഏക വിനോദകേന്ദ്രമാണിത്. കുട്ടികളിൽ ഗതാഗതബോധം വളർത്തുന്നതിനായി ചാച്ചാ നെഹ്റു ട്രാഫിക് പാർക്ക്, പെരിയാറിൽ ബോട്ട് സർവീസ് സൗകര്യം, സായാഹ്നങ്ങളിൽ കലാ - സാംസ്കാരിക പരിപാടികൾ ലക്ഷ്യമിട്ട് ഇ.എം.എസ് ഓപ്പൺ എയർ സ്റ്റേഡിയം എന്നിവയെല്ലാം പാർക്കിന്റെ ഭാഗമായുണ്ടായിരുന്നു. എല്ലാം നശിച്ച് നാരായണക്കല്ലായ അവസ്ഥയിലാണ്.
ബാലസൗഹൃദ പദ്ധതി തുടക്കത്തിലെ പാളി
എട്ടുവർഷം മുമ്പ് കുട്ടികളുടെ പാർക്കിലെ തുരുമ്പെടുത്ത കളിക്കോപ്പുകൾ മാറ്റി പുതിയത് വാങ്ങിയെങ്കിലും നിലവാരമില്ലാത്തതായതിനാൽ മാസങ്ങൾക്കകം വീണ്ടും ഷെഡിലായി. ബാലസൗഹൃദമെന്ന പേരിൽ തുടങ്ങിയ പദ്ധതി തുടക്കത്തിലെ പാളിയത്. ലക്ഷക്കണക്കിന് രൂപയാണ് അന്ന് നഷ്ടമായത്. കൂടാതെ വിവിധ തരത്തിലുള്ള കളിഉപകരണങ്ങൾ, ഭംഗിയുള്ള ഉദ്യാനങ്ങൾ, വിവിധ തരത്തിലുള്ള മരങ്ങൾ, പുൽത്തകിടികൾക്കിടയിൽ വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, നടപ്പാതകൾ, വാട്ടർ ഫൗണ്ടൻ തുടങ്ങിയവയെല്ലാം പാർക്കിലുണ്ടായിരുന്നു. പുൽത്തകിടികളും ഉദ്യാനങ്ങളും കാടുകളിൽ മറഞ്ഞു. ഇരിപ്പിടങ്ങൾ പലതും കാണാൻ പോലുമില്ല. പാർക്കിൽ ഇഴജന്തുക്കളുടെ ശല്യമുണ്ട്.
പാർക്ക് നവീകരണം സ്ഥിരംപദ്ധതി
ആലുവ നഗരസഭയുടെ എല്ലാ വർഷത്തെയും ബഡ്ജറ്റിൽ പാർക്ക് നവീകരണം പദ്ധതിയിലുണ്ടാകും. എന്നാൽ നടപ്പാകാറില്ലെന്നതാണ് യാഥാർത്ഥ്യം. കൊട്ടിഘോഷിച്ച് നടപ്പാക്കിയ നവീകരണ പദ്ധതികൾ പലതും അഴിമതിയിൽ അവസാനിക്കുകയായിരുന്നു. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഇത്തരത്തിൽ ഏതാണ്ട് 40 ലക്ഷം രൂപവരെ നശിപ്പിച്ചിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ ചില കൗൺസിലർമാർ എതിർപ്പുമായെത്തിയപ്പോൾ കരാറുകാരൻ പാതിവഴിയിൽ നിർമ്മാണം
അവസാനിപ്പിച്ച് മുങ്ങുകയും ചെയ്തു.
ബോട്ട് സവാരിയും ചിതലരിച്ചു
ഇപ്പോഴത്തെ ചെയർമാൻ എം.ഒ. ജോൺ നേരത്തെ ചെയർമാനായിരിക്കെയാണ് പാർക്കുമായി ബന്ധപ്പെട്ട് പെരിയാറിൽ ബോട്ട് സവാരി ആവിഷ്കരിച്ചത്. വളരെ കുറച്ചുനാൾ മാത്രമായിരുന്നു ബോട്ട് സവാരി നടന്നത്. പിന്നീട് നിയമക്കുടുക്കിലായി. തകർന്ന ബോട്ടും ജെട്ടിയും ഇന്നും ഇവിടെ അവിടെത്തന്നെയുണ്ട്. ഈ പദ്ധതിയിലും നഗരസഭക്ക് നഷ്ടമായത് ലക്ഷങ്ങളാണ്.